ADVERTISEMENT

പേട്ട ∙ അങ്ങാടി പഞ്ചായത്തിൽ ജല വിതരണം പ്രതിസന്ധിയിലായിട്ടും പമ്പാനദിയിൽ താൽക്കാലിക തടയണ നിർമിച്ച് ജലവിതാനം ഉയർത്തിയിട്ടില്ല. പമ്പിങ് സമയം കുറഞ്ഞതോടെ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടുന്നില്ല. വെള്ളം വില കൊടുത്തു വാങ്ങേണ്ട ദുരവസ്ഥയാണു മലയോരവാസികൾക്ക്.പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലുകളിലൂടെ വെള്ളം തുറന്നു വിട്ടതോടെയാണ് പമ്പാനദിയിൽ ജലനിരപ്പു കുറഞ്ഞത്. ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് കക്കാട്ടാറ്റിലെ നീരൊഴുക്കു നിലനിർത്തുന്നത്.

രാത്രി മാത്രമാണ് ഉൽപാദനം നടക്കുന്നത്. ഇതിനു ശേഷം ഒഴുകിയെത്തുന്ന വെള്ളമാണ് പുവത്തുംമൂടിനു താഴേക്ക് പമ്പാനദിയിൽ ജലനിരപ്പുയർത്തുന്നത്.രാത്രി 8ന് ശേഷം അങ്ങാടി പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിൽ പമ്പിങ് നടക്കുന്നുണ്ട്. നേരം പുലരുമ്പോഴേക്കും നീരൊഴുക്കു കുറയും. പിന്നാലെ പമ്പിങ് നിർത്തും. പകൽ മിക്ക ദിവസങ്ങളിലും പമ്പിങ് നടക്കുന്നില്ല. പദ്ധതിയുടെ കിണറ്റിലേക്ക് വെള്ളമൊഴുകിയെത്തിയാൽ മാത്രമേ പമ്പിങ് കാര്യക്ഷമമായി നടത്താനാകൂ.

മുൻ കാലങ്ങളിൽ ആറ്റിൽ ജലനിരപ്പു കുറയുമ്പോൾ മണൽ ചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമിച്ചാണു ജലവിതാനം ഉയർത്തിയിരുന്നത്. കൂടാതെ വെള്ളം ഒഴുകിയെത്തുന്ന വിധത്തിൽ ചാലിന്റെ ആഴവും കൂട്ടിയിരുന്നു. കഴിഞ്ഞ വർഷം നിർമിച്ച തടയണ ആറ്റിലുണ്ട്. ഇതിന്റെ ചുറ്റുവട്ടത്തെല്ലാം മണൽ പരപ്പുകൾ തെളിഞ്ഞിരിക്കുകയാണ്. ഇതാണ് കിണറ്റിലേക്കു വെള്ളമെത്താത്തതിനു പ്രധാന കാരണം.പറക്കുളം, കരങ്കുറ്റിമല, ഏഴോലി, തൂളിമൺ, മണ്ണാരത്തറ, തൃക്കോമല, നെല്ലിക്കമൺ, കുളക്കുറ്റി തുടങ്ങിയവ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളാണ്. ജല വിതരണ പദ്ധതിയെ ആശ്രയിച്ചാണ് കുടുംബങ്ങളധികവും ആവശ്യങ്ങൾ നിറവേറ്റുന്നത്. നിശ്ചിത സമയങ്ങളിൽ വെള്ളം കിട്ടാതെ വന്നതോടെ ടാങ്കർ വാനുകളെ ആശ്രയിക്കുകയാണു പലരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com