ഗവി വഴിയുള്ള കെഎസ്ആർടിസി ബസ് അവധി ദിവസങ്ങളിൽ നിർത്തലാക്കാൻ നീക്കം
Mail This Article
പത്തനംതിട്ട ∙ വനംവകുപ്പിന്റെ കത്തിന്റെ പേരിൽ സാധാരണക്കാർ ആശ്രയിക്കുന്ന രണ്ട് ഗവി ഓർഡിനറി സർവീസുകളിലൊന്ന് അവധി ദിവസങ്ങളിൽ നിർത്തലാക്കാൻ കെഎസ്ആർടിസി നീക്കം. ബജറ്റ് ടൂറിസം സെല്ലിന്റെ ഗവിയിലേക്കുള്ള പാക്കേജ് ടൂറിൽ ആളെ കൂട്ടാനുള്ള തന്ത്രമാണ് എന്നാണ് ആക്ഷേപം. പുലർച്ചെ അഞ്ചരയ്ക്കുള്ള ഗവി വഴിയുള്ള കുമളി സർവീസ് ഗവിയിലെ വിദ്യാർഥികളുടെ ആവശ്യത്തിനായി ആരംഭിച്ചതാണെന്നും അവധി ദിവസങ്ങളിൽ ഈ സർവീസ് പരമാവധി ഒഴിവാക്കണമെന്നുമാണ് ഉത്തരവിലെ പ്രധാന നിർദേശം. ബജറ്റ് ടൂറിസം വഴി ആയിരങ്ങൾ മുടക്കി യാത്ര ചെയ്യാൻ സാഹചര്യമില്ലാത്തവരാണ് ഓർഡനറി സർവീസുകളിൽ ഗവിയിൽ പോകുന്നത്.
സീതത്തോട്, ആങ്ങമൂഴി മേഖലയിലേക്കുള്ളവർക്കും സർവീസ് സഹായമാണ്. പുലർച്ചെ ഈ മേഖലയിലേക്കുള്ള ആദ്യ ബസാണിത്. ആറരയ്ക്കാണ് അടുത്ത സർവീസ്. ബസ് യാത്രക്കാർ വനത്തിൽ പലയിടത്തും മാലിന്യം തള്ളുന്നെന്നും ചില ജീവനക്കാർ വനമേഖലയിൽ ബസ് നിർത്തി വിനോദ സഞ്ചാരികളെ സഹായിക്കുന്നുവെന്നുമാണു വനം വകുപ്പിന്റെ പരാതിയെന്ന് ഇതു സംബന്ധിച്ച കെഎസ്ആർടിസി എംഡിയുടെ ഉത്തരവിൽ പറയുന്നു.
ബജറ്റ് ടൂറിസം സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജർ തയാറാക്കിയ ശുപാർശകളാണ് എംഡി ഒപ്പിട്ട് ഉത്തരവായി ഇറക്കിയിരിക്കുന്നത്. യാത്രക്കാർ മാലിന്യം തള്ളുന്നില്ലെന്നും ബസ് വനമേഖലയിൽ നിർത്തുന്നില്ലെന്നും ഉറപ്പാക്കാതെ സർവീസ് നിർത്താനാണു ശ്രമം. ഉത്തരവിലെ മറ്റു നിർദേശങ്ങൾ വായിക്കുമ്പോളാണു വനമല്ല, പണമാണു വിഷയമെന്നു ബോധ്യമാകുക. ഗവി സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന പത്തനംതിട്ട, കുമളി ഡിപ്പോകളിൽ ഗവി യാത്ര സംബന്ധിച്ച് അന്വേഷിക്കുന്നവരോടു ബജറ്റ് ടൂറിസം ബസുകളെ കുറിച്ചു വേണം ആദ്യം പറയാൻ,
ഓർഡനറി ബസുകളിൽ പുറത്തു നിന്നു വരുന്നവർക്കു ബസിൽ നിന്ന് ഇടയ്ക്ക് ഇറങ്ങാൻ കഴിയില്ലെന്നും കാഴ്ചകൾ കാണാൻ ബസ് നിർത്തി കൊടുക്കില്ലെന്നും പറയണം, ഗവി വിവരം തിരക്കുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിച്ചു ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർക്ക് എല്ലാ ദിവസവും കൈമാറണം, ഓർഡനറി ബസിൽ നിരക്കു കുറവാണെന്നു വിവരം നൽകുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും എന്നിങ്ങനെയാണു മറ്റു നിർദേശങ്ങൾ. പത്തനംതിട്ട–കുമളി ബസ് ചാർജ് 208 രൂപയാണെങ്കിൽ ബജറ്റ് ടൂറിസം ബസിൽ 1350 രൂപയാണു ഗവി പാക്കേജ് നിരക്ക്.