ദേശീയ അംഗീകാരം നേടി പുതുശേരിമല ഹോമിയോ ഡിസ്പെൻസറി
Mail This Article
പുതുശേരിമല ∙ ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) ദേശീയ അംഗീകാരം. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡഴ്സ് (എൻഎബിഎച്ച്) എൻട്രി ലെവൽ സർട്ടിഫിക്കറ്റാണ് (എൻഎബിഎച്ച്) ഡിസ്പെൻസറിക്കു ലഭിച്ചത്.
റാന്നി താലൂക്കിലെ ആദ്യ ഹോമിയോ ഡിസ്പെൻസറിയാണിത്. പുതുശേരിമല മേഖലകളിലെ ചികിത്സ പരിമിതി കണക്കിലെടുത്താണ് ഡിസ്പെൻസറി ഇവിടെ സ്ഥാപിച്ചത്. താലൂക്ക് ഹോമിയോ ആശുപത്രി പദവി ലഭിക്കേണ്ട ചികിത്സാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്ഥലമില്ലാത്തതാണ് ഉയർച്ച ലഭിക്കാത്തത്. എന്നാൽ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് മികച്ച പ്രവർത്തനം നടത്തിയതു മൂലമാണ് ദേശീയ അംഗീകാരം കേന്ദ്രത്തിനു കിട്ടിയത്. ഇതിനു മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ജീവനക്കാരും പഞ്ചായത്ത് ഭരണസമിതിയുമെല്ലാം തനതായ പങ്കു വഹിച്ചു.
ഡിസ്പെൻസറിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, റജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം തുടങ്ങിയവ പരിഗണിച്ചാണ് എൻഎബിഎച്ച് ലഭിച്ചത്. കേന്ദ്ര വിദഗ്ധ സംഘം ഡിസ്പെൻസറിയിലെ സൗകര്യങ്ങൾ പരിശോധിച്ചു വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അനുവദിച്ചത്.