ADVERTISEMENT

ശബരിമല ∙ മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ കർപ്പൂര ദീപപ്രഭയായിരുന്നു. ശരണം വിളികളുടെ  അലയാഴിക്കൊപ്പം ഉയർന്ന തൊഴുകൈകൾ സന്നിധാനത്തും പൂങ്കാവനത്തിലും കോട്ട തീർത്തു. തിരുവാഭരണം ചാർത്തി മകര സംക്രമ സന്ധ്യയിൽ ദീപാരാധന നടന്നപ്പോൾ എല്ലാവരും തൊഴുകയ്യോടെ പ്രാർഥനയിലായിരുന്നു.

തിരുവാഭരണ പേടകം പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ.    ചിത്രം: മനോരമ
തിരുവാഭരണ പേടകം പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ. ചിത്രം: മനോരമ

താഴെ തിരുമുറ്റത്തും നടപ്പന്തലുകളിലും തിങ്ങി നിറഞ്ഞ തീർഥാടകർകൂടി ഉച്ചയായപ്പോഴേക്കും മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്കു കയറി. മാളികപ്പുറം, കൊപ്രാക്കളം തുടങ്ങി മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം തിക്കും തിരക്കും കൂടി. വടം കെട്ടി തിരിച്ചായിരുന്നു പൊലീസ് നിയന്ത്രിച്ചത്. ഇടയ്ക്കിടെ പൊന്നമ്പലമേട് മഞ്ഞുകൊണ്ടു മൂടി.

മകരവിളക്ക് ദർശനം കാത്ത് പമ്പാ ഹിൽടോപ്പിൽ നിൽക്കുന്ന ഭക്തർ. 					ചിത്രം: മനോരമ
മകരവിളക്ക് ദർശനം കാത്ത് പമ്പാ ഹിൽടോപ്പിൽ നിൽക്കുന്ന ഭക്തർ. ചിത്രം: മനോരമ

തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കുള്ള മണി മുഴങ്ങിയപ്പോൾ തീർഥാടകരുടെ പർണശാലകളിലും ജ്യോതി കാണാൻ കാത്തിരുന്ന സ്ഥലങ്ങളിലും കർപ്പൂര ദീപം തെളിഞ്ഞു. പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിഞ്ഞപ്പോൾ പരംപൊരുളിനു ശരണ കീർത്തനങ്ങൾ മുഴക്കി അവർ ആരതി ഉഴിഞ്ഞു. ഒന്നിനു പുറകെ ഒന്നായി മൂന്നുതവണ ജ്യോതി തെളിഞ്ഞു.

അട്ടത്തോട്ടിൽ മകരജ്യോതി ദർശിക്കുന്ന തീർഥാടകർ. 		         		ചിത്രം: എബി കുര്യൻ പനങ്ങാട്ട്
അട്ടത്തോട്ടിൽ മകരജ്യോതി ദർശിക്കുന്ന തീർഥാടകർ. ചിത്രം: എബി കുര്യൻ പനങ്ങാട്ട്

ജ്യോതി ദർശനം കഴിഞ്ഞതോടെ തിരുവാഭരണം ചാർത്തി അയ്യപ്പനെ കാണാനുള്ള തിരക്കായിരുന്നു. ഒരു നിമിഷമെങ്കിലും അതിനുള്ള അവസരം കിട്ടണമേയെന്ന ആഗ്രഹത്തിൽ അവർ വടക്കേ നടയിലേക്ക് ഓടി. സ്റ്റാഫ് ഗേറ്റിനു മുൻപിലും തിക്കും തിരക്കും കൂട്ടി.  നടൻ ദിലീപ്, തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, സുപ്രീം കോടതി ജസ്റ്റിസ് സി.ടി.രവികുമാർ, റിട്ട. ജസ്റ്റിസ് അരിജിത് പസായത്ത്, വി.കെ.ശ്രീകണ്ഠൻ എംപി, തുടങ്ങിയവരും മകര ജ്യോതി ദർശനം നടത്തി.

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ ശരണം വിളിക്കുന്ന തീർഥാടകർ. പമ്പാ ഹിൽടോപ്പിൽനിന്ന്. 
ചിത്രം: എൻ. രാജേഷ് ബാബു
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ ശരണം വിളിക്കുന്ന തീർഥാടകർ. പമ്പാ ഹിൽടോപ്പിൽനിന്ന്. ചിത്രം: എൻ. രാജേഷ് ബാബു

ശരണവഴികളിൽ തിരുവാഭരണ ഘോഷയാത്ര; ഭക്തി സാന്ദ്രം...
ശബരിമല ∙ റോഡുവിട്ട് കാട്ടിലെ വേരും കല്ലും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ശരണം വിളിച്ചു നീങ്ങിയപ്പോൾ എല്ലാവരുടെയും മനസ്സിൽ ജ്യോതി സ്വരൂപനായ അയ്യപ്പരൂപമായിരുന്നു. ശരണ വഴികളെ ഭക്തി സാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര കടന്നുവന്നത്. ളാഹ വനം സത്രത്തിൽ നിന്നു ഇന്നലെ പുലർച്ചെ 2.30ന് പുറപ്പെട്ടു. അതുവരെ നാട്ടിൻ പ്രദേശത്തെ വഴിയിലൂടെയായിരുന്നു എങ്കിൽ പിന്നീടുള്ള യാത്ര വനത്തിലൂടെയായിരുന്നു.

സൂര്യപ്രഭയിൽ... തിരുവാഭരണ ഘോഷയാത്ര നിലയ്ക്കൽ വനമേഖലയിലൂടെ ശബരിമലയിലേക്ക് നീങ്ങുന്നു.
ചിത്രം: നിഖിൽരാജ് ∙ മനോരമ
സൂര്യപ്രഭയിൽ... തിരുവാഭരണ ഘോഷയാത്ര നിലയ്ക്കൽ വനമേഖലയിലൂടെ ശബരിമലയിലേക്ക് നീങ്ങുന്നു. ചിത്രം: നിഖിൽരാജ് ∙ മനോരമ

കാട്ടുമൃഗങ്ങൾ ഏറെയുള്ള വനമേഖല. വഴിയിൽ വെളിച്ചമില്ല. അതിനാൽ വാഹനങ്ങളിൽ  ജനറേറ്റർ സ്ഥാപിച്ചു ലൈറ്റുകളും ക്രമീകരിച്ചിരുന്നു.  തിരുവാഭരണ ഘോഷയാത്ര വരുന്നതിനു മുൻപേ ഒപ്പമുള്ള തീർഥാടക സംഘങ്ങൾ കാൽനടയായി നീങ്ങി. മൃഗങ്ങളെ നിരീക്ഷിച്ച് വനപാലക സംഘവും ഉണ്ടായിരുന്നു. വഴിയിൽ കാട്ടാന ഇല്ലെന്ന് ഉറപ്പാക്കി വിവരം കൈമാറി. അതിനുശേഷം പൊലീസ് സംഘം നീങ്ങി. പിന്നിലാണ് തിരുവാഭരണ പേടകങ്ങൾ എത്തിയത്.

പ്ലാപ്പള്ളി തലപ്പാറകോട്ടയിൽ എത്തി ഭക്തരുടെയും വനപാലകരുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവാഭരണ പെട്ടി പൂജിച്ചു. പേടകത്തിൽ അർപ്പിക്കാൻ കാട്ടുപൂക്കളുമായാണ് ആദിവാസികൾ എത്തിയത്. ഇലവുങ്കൽ മോട്ടർ വാഹന വകുപ്പ് നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. കണമല, പമ്പാവാലി, നാറാണംതോട്, തുലാപ്പള്ളി പ്രദേശത്തു തീർഥാടകർ അവിടെ കാത്തുനിന്നു. നിലയ്ക്കലിൽ ആഘോഷമായ സ്വീകരണമാണു ലഭിച്ചത്. ആയിരങ്ങളുടെ അകമ്പടിയിലാണ് അട്ടത്തോട് കോളനി നിവാസികൾ വരവേറ്റത്.  

അട്ടത്തോട്ടിൽ റോഡുവിട്ട് കാട്ടിലേക്കിറങ്ങി. പിന്നെ ഒറ്റയടി പാതയിലൂടെയുള്ള ഇറക്കമായിരുന്നു. പമ്പാനദിയുടെ തീരത്തെ താൽക്കാലിക പാലത്തിലൂടെ മറുകര എത്തി. നേരെ വലിയാനവട്ടത്തേക്ക്. അയ്യപ്പ സേവാസംഘം  പ്രവർത്തകരും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു മണ്ഡപത്തിൽ എത്തിച്ചു പൂജ നടന്നു. ഉച്ചഭക്ഷണവും വിശ്രമവും അവിടെയായിരുന്നു.

2നാണു പിന്നെ യാത്ര തുടർന്നത്. ചെറിയാനവട്ടത്തുനിന്നു പരമ്പരാഗത വഴിയിലൂടെ ഘോഷയാത്ര നീലിമല കയറി. ഒറ്റയടിപ്പാതയിലൂടെ  കുത്തനെയുള്ള കയറ്റമായിരുന്നു.  അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി 5.15ന് ശരംകുത്തി എത്തി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒ.ജി.ബിജു തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. മുൻപിൽ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി നീങ്ങി.

ശരംകുത്തിയിൽനിന്നു തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടതു മുതൽ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു.ജനീഷ് കുമാർ, തോട്ടത്തിൽ രാജശേഖരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം, റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം, കലക്ടർ എ. ഷിബു, ദേവസ്വം സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മിഷണർ സി.എൻ.രാമൻ, എഡിജിപി എം.ആർ.അജിത്കുമാർ, സ്പെഷൽ കമ്മിഷണർ എം. മനോജ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു സോപാനത്തിലേക്ക് ആനയിച്ചു.

സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടച്ചു. പിന്നീട് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടന്നപ്പോൾ മുഴങ്ങിയ ശരണംവിളികൾ സന്നിധാനമാകെ ഭക്തിയുടെ അലയാഴി തീർത്തു.

സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാര വിതരണ സമ്മേളനത്തിൽ ശബരിമലയിൽ മന്ത്രി കെ.രാധാകൃഷ്ണനും അവാർഡ് ജേതാവ് തമിഴ് ഭക്തിഗായകൻ പി.കെ.വീരമണിദാസനും ചേർന്നു ദീപം തെളിക്കുന്നു. അജിത് കുമാർ, ജി. ബൈജു, എംഎൽഎമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ദേവസ്വം–റവന്യു സെക്രട്ടി എം.ജി.രാജമാണിക്യം എന്നിവർ സമീപം. 	ചിത്രം: മനോരമ
സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാര വിതരണ സമ്മേളനത്തിൽ ശബരിമലയിൽ മന്ത്രി കെ.രാധാകൃഷ്ണനും അവാർഡ് ജേതാവ് തമിഴ് ഭക്തിഗായകൻ പി.കെ.വീരമണിദാസനും ചേർന്നു ദീപം തെളിക്കുന്നു. അജിത് കുമാർ, ജി. ബൈജു, എംഎൽഎമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ദേവസ്വം–റവന്യു സെക്രട്ടി എം.ജി.രാജമാണിക്യം എന്നിവർ സമീപം. ചിത്രം: മനോരമ

ഭക്തി ദുരുപയോഗം ചെയ്യരുത്: മന്ത്രി കെ. രാധാകൃഷ്ണൻ
ശബരിമല ∙ വിശ്വാസികളുടെ ഭക്തി മറ്റ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തമിഴ് ഭക്തി ഗായകൻ പി.കെ.വീരമണിദാസനു ഹരിവരാസനം പുരസ്കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

താൻ പമ്പയിൽനിന്നു സന്നിധാനത്തേക്ക് മല കയറിയപ്പോൾ ഇതര സംസ്ഥാനക്കാരായ ചില തീർഥാടകരുമായി സംസാരിച്ചു. ഇവിടെ വലിയ പ്രശ്നമാണെന്നു മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നതായി അറിഞ്ഞു. ഇവിടെ വന്നപ്പോൾ അങ്ങനെ വലിയ പ്രശ്നമില്ലെന്നു മനസ്സിലായതായി അവർ പറഞ്ഞെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായിരുന്നു.

എംഎൽഎമാരായ കെ.യു.ജനീഷ് കുമാർ, തോട്ടത്തിൽ രാജശേഖരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം, റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടർ എ.ഷിബു, സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, കമ്മിഷണർ സി.എൻ.രാമൻ, ഗായകൻ പി.കെ.വീരമണിദാസൻ എന്നിവർ പ്രസംഗിച്ചു.

തിരക്ക് കുറയ്ക്കാൻ മലകയറ്റം നിയന്ത്രിച്ചു 
ശബരിമല ∙ സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ രാവിലെ 11 മണിയോടെ തീർഥാടകരുടെ മലകയറ്റം നിയന്ത്രിച്ചു. ഇതിനു പുറമേ നിലയ്ക്കൽനിന്നു പമ്പയിലേക്ക് തീർഥാടകരെ കയറ്റിയുള്ള ബസ് സർവീസും ഒഴിവാക്കി. ഉച്ചയ്ക്ക് ശേഷം ഇലവുങ്കൽ മുതൽ പമ്പ വരെ റോഡിന്റെ ഒരുവശത്ത് ചെയിൻ സർവീസിനുള്ള ബസും ക്രമീകരിച്ചു. ഉച്ചകഴിഞ്ഞതോടെ സന്നിധാനത്തെ അന്തരീക്ഷം മാറി.

തിരുമുറ്റം, താഴെ തിരുമുറ്റം, വടക്കേനട തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ തീർഥാടകരെയും തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് നീക്കി. അവരെ എല്ലാം ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് പറഞ്ഞുവിട്ടു.  സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ എല്ലാ അപ്പം, അരവണ കൗണ്ടറുകളും ഉച്ചയ്ക്കു ശേഷം അടച്ചു. തിരക്കു നിയന്ത്രണത്തിനു കൗണ്ടറുകളുടെ പ്രവർത്തനം തടസ്സമാകുമെന്ന പൊലീസ് നിർദേശത്തെ തുടർന്നാണിത്.

ഉച്ചയ്ക്ക് ഒരു മണിയോടെ അടച്ച കൗണ്ടറുകൾ തിരുവാഭരണ ഘോഷയാത്ര എത്തിയ മകരജ്യോതി ദർശനത്തിനു ശേഷം 7.30ന് ആണ് തുറന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്കു തടസ്സം ഉണ്ടാകാതിരിക്കാൻ വലിയ നടപ്പന്തലിൽ വിരിവച്ച തീർഥാടകരെയും അവിടെ നിന്നു മാറ്റി. ഘോഷയാത്രയ്ക്കു കടന്നു പോകാൻ വടം കെട്ടി പ്രത്യേക സ്ഥലം ക്രമീകരിച്ചിരുന്നു. 

ഹിൽടോപ്പിൽ അതീവ സുരക്ഷ
പമ്പ ∙ മകരജ്യോതി ദർശിക്കുന്നതിന് ഇത്തവണ ഹിൽടോപ്പിൽ സൗകര്യമൊരുക്കിയത് അയ്യായിരത്തോളം പേർക്കു മാത്രം. രാവിലെ മുതൽ ഒട്ടേറെ തീർഥാടകരാണ് ഹിൽടോപ്പിലെത്തി കാത്തിരുന്നത്. പലർക്കും ജ്യോതി കാണാൻ കഴിയാതെ പോയി. സുരക്ഷയുടെ പേരിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണമാണ് തീർഥാടകർ കുറയാൻ കാരണം. ഇരുന്നു കാണുന്നതിനുള്ള സ്ഥലത്തിനു മുൻപിലായി പണ്ടു സ്ഥാപിച്ച ഇരുമ്പുവേലി മുഴവൻ മുൾക്കാടു പടർന്നു കിടന്നതിനാൽ ജ്യോതി കാണാനുള്ള അവസരം ഒട്ടേറെ പേർക്കു നഷ്ടപ്പെട്ടു.

കാടു തെളിക്കേണ്ടത് വനംവകുപ്പാണ്. പേരിനു മാത്രം തെളിക്കുക മാത്രമാണ് അവർ ചെയ്തത്. ഉച്ചയ്ക്കുശേഷം ഹിൽടോപ്പിലേക്കു പൊലീസ് ആരെയും കടത്തിവിട്ടില്ല. അവിടെ സ്ഥലമില്ലെന്നാണ് കാരണം പറഞ്ഞതെങ്കിലും ഒട്ടേറെ പേർക്കുള്ള സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

മൂന്നു മണിയോടെ ത്രിവേണി വഴിയെത്തി ഹിൽടോപ്പിലേക്കു പോകാൻ ശ്രമിച്ച കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ പൊലീസ് തടഞ്ഞതോടെ അവർ കുറേനേരം ശരണം വിളിച്ചു പ്രതിഷേധിച്ചു. പൊലീസ് ഇവരെ തിരിച്ചയച്ചു.  അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഹിൽടോപ്പിലെ തീർഥാടകർക്കു ലഘു ഭക്ഷണം വിതരണം ചെയ്തു.

തിക്കിത്തിരക്കി ജനപ്രവാഹം
നിലയ്ക്കൽ ∙ അട്ടത്തോട്ടിൽ വൈകുന്നേരം മുതൽ അരക്കിലോമീറ്ററോളം അയ്യപ്പഭക്തരെക്കൊണ്ടു നിറഞ്ഞു. തീർഥാടകരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. പമ്പ–നിലയ്ക്കൽ റോഡിന്റെ ഒരു വശത്തേക്കു തീർഥാടകരെ നീക്കിയാണ് ബസുകൾക്കു പോകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.

പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസ് രാവിലെ മുതൽ നിർത്തിവച്ചു. സന്ധ്യയ്ക്കു ശേഷമാണ് സർവീസ് പുന:രാരംഭിച്ചത്. ഇതിനിടെ കാൽനടയായി പമ്പയിലേക്കു തീർഥാടകരുടെ വൻ പ്രവാഹമായിരുന്നു. അട്ടത്തോട്ടിൽ മകരജ്യോതി ദർശനത്തിനുശേഷം ഒട്ടേറെ ഭക്തർ കാൽനടയായി പമ്പയിലേക്കു പോയി.

മകരവിളക്ക് ദർശിക്കാവുന്ന നെല്ലിമലയിലും അയ്യൻമലയിലും നല്ല തിരക്കായിരുന്നു. തീർഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. പ്ലാപ്പള്ളിയിൽനിന്നു കെഎസ്ആർടിസി ബസുകൾ മാത്രമാണ് പമ്പയിലേക്കു പോകാൻ അനുവദിച്ചത്.

പുല്ലുമേട്ടിൽ ദർശന സായുജ്യം
പുല്ലുമേട് ∙ മകരസംക്രമസന്ധ്യയിൽ മഞ്ഞിന്റെ മൂടുപടത്തിലും ജ്യോതി തെളിഞ്ഞു. പുല്ലുമേട്ടിലെ ഉപ്പുപ്പാറയിലും സമീപമലയിലും എത്തിയ അയ്യപ്പഭക്തർക്ക് ദർശനസായൂജ്യമായി മകരജ്യോതി തെളിഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലേക്ക് അയ്യപ്പഭക്‌തരുടെ ഒഴുക്കായിരുന്നു. പുല്ലുമേടിനു പുറമേ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരജ്യോതി കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടി.

കോഴിക്കാനത്തുനിന്നും സത്രത്തിൽനിന്നും കാൽനടയായാണു ഭക്തരെത്തിയത്. മൊട്ടക്കുന്നുകളുടെയും പാറക്കെട്ടുകളുടെയും മുകളിൽ അവർ സ്ഥാനംപിടിച്ചു. ഭക്തരുടെ സംരക്ഷണത്തിനായി പൊലീസ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാവേലികൾ ഒരുക്കിയിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 6,598 പേരാണു പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തിയത്.കനത്ത സുരക്ഷയാണു ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരുന്നത്. കലക്ടർ ഷീബാ ജോർജും സബ് കലക്ടർ അരുൺ എസ്.നായരും പുല്ലുമേട്ടിൽ ക്യാംപ് ചെയ്തു മേൽനോട്ടം വഹിച്ചു. തിരക്കു നിയന്ത്രിക്കുന്നതിനു 16 മേഖലകളിലായി 1,400 പേരടങ്ങുന്ന പൊലീസ് സംഘത്തെയാണു വിന്യസിച്ചത്.
വിപുലമായ സൗകര്യങ്ങൾ 
പമ്പ ∙ മകരവിളക്കു ദർശനത്തിനുശേഷം തീർഥാടകർക്കു മടങ്ങിപ്പോകുന്നതിനു കെഎസ്ആർടിസിയും പൊലീസും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. ഇന്നലെ രാവിലെ 10നു ശേഷം പ്ലാപ്പള്ളി, ഇലവുങ്കൽ ഭാഗത്തു നിന്ന് കെഎസ്ആർടിസി ഒഴികെ ഒരു വാഹനവും നിലയ്ക്കൽ പമ്പ ഭാഗത്തേക്കു കടത്തിവിട്ടില്ല. ളാഹ മുതൽ പമ്പ വരെ റോഡിനിരുവശവും കെഎസ്ആർടിസി ബസുകൾ പമ്പയിലേക്കു വരാനായി റോഡുവശത്ത് ഇട്ടിരുന്നു.

5 മണിയോടെ പമ്പ ത്രിവേണി മുതൽ ഹിൽടോപ്പ് വരെ നിലയ്ക്കലിലേക്കുള്ള ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പമ്പയിൽ നിന്നുള്ള ബസുകൾ നിലയ്ക്കലിൽ എത്തുന്നതു വരെ അവിടെ നിന്നുള്ള ബസുകൾ പമ്പയ്ക്ക് കടത്തിവിട്ടില്ല. ഇതോടെ തീർഥാടകരെ സുഗമമായി പെട്ടെന്നു നിലയ്ക്കലിലെത്തിക്കാൻ കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com