ഇന്ന് കുളത്തൂർ കരയുടെ വലിയ പടയണി; കോട്ടാങ്ങൽ കരയുടെ വലിയ പടയണി നാളെ
Mail This Article
പെരുമ്പെട്ടി ∙ കോട്ടാങ്ങൽ പടയണിയിൽ കുളത്തൂർ കരക്കാരുടെ വലിയപടയണി ഇന്ന്. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപ്പാന,കോലം തുള്ളൽ,അടവി പുഴുക്ക് എന്നിവ നടന്നു. ഇന്ന് കുളത്തൂർ ദേവീക്ഷേത്രം, എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഘോഷയാത്ര പുത്തൂർ മണൽപ്പുറത്ത് സംഗമിച്ച് കെട്ടുകാഴ്ചകളുടെ അകമ്പടിയിൽ ഭദ്രകാളി ക്ഷേത്രത്തിലേക്ക് മഹാഘോഷയാത്ര.
രാത്രി 9 ന് തിരുമുൻപിൽ വേല നടക്കും. സർവാഭരണ വിഭൂഷിതരായി വാളും പരിചയും ഏന്തി, തപ്പ്, , ചെണ്ട, കൈ മണി എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേലകളി ജഗദംബികയായ കോട്ടാങ്ങൽ അമ്മയ്ക്കു ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങെന്ന് എന്ന് കരക്കാർ വിശ്വസിക്കുന്നു. കരയുടെ വിവിധ മേഖലകളിലെ കൊച്ചു കുരുന്നുകൾ തദ്ദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ചു തുള്ളുന്നൂ എന്നത് സവിശേഷതയാണ്.
തുടർന്ന് തിരുമുൻപിൽ പറ സമർപ്പണം നടക്കുന്നു. രാത്രി പന്ത്രണ്ടര മണിയോടെ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന ഭൈരവി കോലങ്ങൾ കാണികളിൽ അവാച്യമായ ഭക്തിപരവശത സൃഷ്ടിക്കുന്നു. തുടർന്ന് യക്ഷി, അരക്കിയക്ഷി, പക്ഷി, മറുത, കൂട്ട മറുത, കാലൻ എന്നീ കോലങ്ങൾ , വിനോദങ്ങൾ എന്നിവ കളത്തിൽ എത്തും.
മഹാമൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലു മണിയോടെ കളത്തിലുറയും. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുന്നു. നാളെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും.