ADVERTISEMENT

കോന്നി∙ഗവ.മെഡിക്കൽ കോളജിലെ പീഡിയാട്രിക് ഐസിയു, ആൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവയുടെ നിർമാണം പൂർത്തിയായി. 12 കോടി രൂപ ചെലവിൽ 40,000 ചതുരശ്ര അടിയിൽ 5 നിലകളോടു കൂടിയ ഹോസ്റ്റലാണ് പൂർത്തിയായത്. 200 വിദ്യാർഥികൾക്കു താമസത്തിനുള്ള സൗകര്യം, മെസ് ഹാൾ, കിച്ചൺ, ഡൈനിങ് ഹാൾ, റെക്കോർഡിങ് റൂം, ഗെസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എൻഎച്ച്എമ്മിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ 2,000 ചതുരശ്ര അടിയിലാണ് പീഡിയാട്രിക് ഐസിയു നിർമിച്ചിട്ടുള്ളത്. 15 ബെഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ ഉദ്ഘാടനം 27 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 

മെഡിക്കൽ കോളജിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രിൻസിപ്പൽ ഡോ.ആർ.എസ്.നിഷ, വൈസ് പ്രിൻസിപ്പൽ ഡോ.സെസി ജോബ്, സൂപ്രണ്ട് ഡോ. എസ്.ഷാജി, എച്ച്എൽഎൽ പ്രോജക്ട് മാനേജർ രതീഷ് കുമാർ, എൻജിനീയർ രോഹിത് തുടങ്ങിയവർ പങ്കെടുത്തു.

നിർമാണം പുരോഗമിക്കുന്നത് 4  സമുച്ചയങ്ങൾ
11 നിലകളിലായി 40 അപ്പാർട്‌മെന്റുകൾ ഉൾപ്പെട്ട രണ്ട് ക്വാർട്ടേഴ്സ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ഡോക്ടർമാർക്കായി 9.1 കോടി രൂപ ചെലവിൽ 77,000 ചതുരശ്ര അടി വിസ്തീർണത്തിലും അധ്യാപകർക്കായി 16.26 കോടി രൂപ ചെലവിൽ 37,000 ചതുരശ്ര അടിയിലുള്ള കെട്ടിടവുമാണ് നിർമിക്കുന്നത്.

22.80 കോടി രൂപ ചെലവിൽ 57,000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായി അക്കാദമിക് ബ്ലോക്കിന്റെ വിപുലീകരണവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണവും നടക്കുന്നു. ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, മൈക്രോ ബയോളജി എന്നീ വകുപ്പുകളാണ് ഇവിടെ സജ്ജീകരിക്കുക. 4,700 ചതുരശ്ര അടിയിൽ 1.49 കോടി രൂപ ചെലവഴിച്ചുള്ള മോർച്ചറിയും ഓട്ടോപ്‌സി കെട്ടിടവും പണി പുരോഗതിയിലാണ്. 4 ഓട്ടോപ്‌സി ടേബിൾ, 12 കോൾഡ് ഫ്രീസർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

ആദ്യ ശസ്ത്രക്രിയ
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായി ആദ്യ ശസ്ത്രക്രിയ വിജയകരമായി നടത്തി. 66കാരനായ അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com