രാക്ഷസൻപാറ കയ്യേറി പൊട്ടിക്കാൻ ശ്രമം: പ്രതിഷേധം ശക്തം
Mail This Article
കൂടൽ∙ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ രാക്ഷസൻപാറയിൽ ഖനനത്തിനായി കയ്യേറ്റം നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ വില്ലേജിൽപെട്ട സ്ഥലത്താണ് രാക്ഷസൻപാറ ഉൾപ്പെടുന്ന കൂറ്റൻ പാറ ശേഖരമുള്ളത്. ഇതിന്റെ അടിഭാഗത്തു നിന്ന് ഖനനം ആരംഭിച്ചാൽ വൻ പ്രകൃതിക്ഷോഭത്തിനിടയാക്കുമെന്ന ഭയപ്പാടിലാണ് 5 കിലോമീറ്റർ ചുറ്റുവട്ടത്തുള്ള പ്രദേശവാസികൾ.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലും ഇഞ്ചപ്പാറ ജനജാഗ്രത മിഷന്റെ നേതൃത്വത്തിലും സമര പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. പഞ്ചായത്തിൽ അവശേഷിക്കുന്ന പാറസമ്പത്തിന്റെ ഒരു ഭാഗമായ 50സെന്റാണ് ഗ്രാമീണ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി റവന്യു വകുപ്പ് ടൂറിസം വകുപ്പിനു കൈമാറിയത്. ഇവിടെ നിർമാണ പ്രവർത്തനം ആരംഭിക്കാനിരിക്കെ നടക്കുന്ന കയ്യേറ്റ ശ്രമത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നിട്ടുള്ളത്.
കൂടൽ രാക്ഷസൻപാറയിലെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുക, സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 9.30ന് വില്ലേജ് ഓഫിസിലേക്കു മാർച്ചും തുടർന്ന് ധർണയും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്യും. ജനജാഗ്രത മിഷന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിഷേധം നാളെ രാവിലെ 8ന് നടക്കും. ഇഞ്ചപ്പാറ ജംക്‌ഷനിൽ നിന്ന് ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും പ്രദേശവാസികളും പങ്കെടുത്തായിരിക്കും രാക്ഷസൻപാറയിലേക്കു മാർച്ച് നടത്തുക.