ADVERTISEMENT

കൊടുമൺ ∙ രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തെ സേവിച്ചതിന്റെ ത്യാഗോജ്വലമായ ഓർമയിലാണ് ഇടയ്ക്കാട് പുത്തൻവീട്ടിൽ വി.കെ.വിജയൻ(81). 1962ൽ ആണു രാജ്യസേവനം എന്ന കർമപഥത്തിലേക്ക് എത്തിയത്. തുടർന്ന് 1965 ലും 1971 ലും നടന്ന യുദ്ധങ്ങളിൽ പങ്കെടുത്തതു ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മാറി. ബദരീനാഥിൽ  കൊടും തണുപ്പിൽ സഹപ്രവർത്തകർ മരിച്ചു വീഴുന്ന കാഴ്ചയിലും കണ്ണീർതുടച്ചു കർമനിരതനായ  ഓർമകളാണു വിശ്രമജീവിത്തിൽ കൂട്ടാവുന്നത്.

കൊടും തണുപ്പിൽ ഉണ്ടായ മഞ്ഞുവീഴ്ചയിൽ ആ സൈനികന്റെ മൃതദേഹം കാണാതാവുകയായിരുന്നു. 5 മാസത്തിനുശേഷം മഞ്ഞുരുകിയപ്പോഴാണ് ആ സൈനികന്റെ മൃതദേഹം കണ്ടുകിട്ടിയത്. യുദ്ധഭൂമിയിൽ നിന്നു നാട്ടിലേക്കു മൃതദേഹങ്ങൾ അയയ്ക്കാൻ സംവിധാനമില്ലാതിരുന്ന കാലത്തു ബന്ധുക്കൾ എത്തുമ്പോൾ ആളെ തിരിച്ചറിയാൻ വേണ്ടി മൃതദേഹം മറവു ചെയ്ത ശേഷം മുകളിൽ സൈനികരുടെ തിരിച്ചറിയൽ രേഖകൾ ദണ്ഡിൽ കുത്തിവയ്ക്കുന്നതും മായാത്ത ഓർമയാണ്. പിന്നീടു ബന്ധുക്കൾ എത്തുമ്പോൾ അവരുടെ ഹൃദയംതകർന്ന കരച്ചിലും ഓർമകളിലുണ്ട്. 

എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്തിരുന്നതു രാജ്യത്തിന് വേണ്ടിയാണല്ലോ എന്ന ചിന്ത ജീവിതവ്രതമാക്കിയാണ്. ആ മനോധൈര്യം ഏതു പ്രതിസന്ധിയും അതിജീവിക്കാൻ കരുത്തു നൽകുമെന്നതും അനുഭവത്തിന്റെ സത്യം. ക്ലാസ് ഹിമാലയ് സൈനിക സേവ സർവീസസ് ഉൾപ്പെടെ രാഷ്ട്രസേവനത്തിന് 5 മെഡലുകൾ  ലഭിച്ചിട്ടുണ്ട്. 

രാജ്യസേവനത്തിൽ ആത്മസംതൃപ്തി ജീവിതത്തെ മുന്നോട്ടു നയിക്കുന്നുണ്ടെങ്കിലും  വിജയനു നീതി ലഭിക്കാത്ത ഒന്നുണ്ട്. റിട്ട. ഓണററി നായ്ക് പെൻഷൻ ലഭിച്ചിരുന്നതു വൺ റാങ്ക്, വൺ പെൻഷൻ സംവിധാനത്തിലേക്ക് രാജ്യം പോയപ്പോൾ ശിപായി പെൻഷനായി കുറഞ്ഞു. എല്ലാ രേഖകളും കോടതി ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളിൽ ഹാജരാക്കിയെങ്കിലും ഇപ്പോഴും നീതി  ലഭിച്ചിട്ടില്ല. ഈ വർഷമെങ്കിലും അതു സാധിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com