റാന്നിയിൽ മില്ലിന് തീപിടിത്തം; യന്ത്രങ്ങൾ കത്തി നശിച്ചു
Mail This Article
റാന്നി ∙ ഇട്ടിയപ്പാറ ഐത്തല റോഡിനോടു ചേർന്ന് മൂഴിക്കൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഞ്ചി ഫ്ലവർ മില്ലിൽ തീപിടിത്തം. ധാന്യങ്ങൾ പൊടിക്കുന്നതും കൊപ്ര ആട്ടുന്നതുമായ യന്ത്രങ്ങളെല്ലാം കത്തി നശിച്ചു. ഉടമയ്ക്കും ജീവനക്കാരനും പൊള്ളലേറ്റു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.മില്ലിന്റെ ഉടമ മാത്യു സാമുവൽ (സാം), ജീവനക്കാരൻ സീതത്തോട് സ്വദേശി സുനിൽ എന്നിവർക്കാണു പൊള്ളലേറ്റത്. മാത്യു സാമുവലിനെ സ്വകാര്യ ആശുപത്രിയിലും സുനിലിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു 2 ജീവനക്കാർ കൂടി മില്ലിലുണ്ടായിരുന്നു. അവർ വേഗം പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആണ് കെട്ടിടത്തിൽനിന്നു പുക ഉയരുന്നതു കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടത്തിനു മുകളിലേക്കും വശങ്ങളിലേക്കും ആളി പടർന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവർക്കും പൊള്ളലേറ്റത്. ധാന്യങ്ങൾ വറുക്കുന്നതിന് സൂക്ഷിച്ചിരുന്ന 2 പാചക വാതക സിലിണ്ടറുകൾക്കാണ് തീ പിടിച്ചത്. കെട്ടിടത്തിനു മുകളിലേക്കു തീ വേഗം ഉയരാൻ കാരണവും ഗ്യാസ് സിലിണ്ടറുകൾക്കു തീ പിടിച്ചതാണ്. വലിയ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിയുടെ ആഘാതത്താൽ തീഗോളങ്ങൾ മില്ലിനുള്ളിൽ പടരുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സമീപത്തെ കടയുടമ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. വ്യാപാരികളും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.സംഭവം അറിഞ്ഞ് റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ 3 അഗ്നിരക്ഷാ സേന യൂണിറ്റുകളാണ് തീ അണച്ചത്. അര മണിക്കൂറിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്കു വ്യാപിച്ചില്ല.
4 മുറികളിലായിട്ടാണ് മിൽ പ്രവർത്തിക്കുന്നത്. ധാന്യങ്ങൾ പൊടിച്ചു കൊടുക്കുന്നതു കൂടാതെ ധാന്യപ്പൊടികളും വെളിച്ചെണ്ണയും മുളക്, മല്ലി തുടങ്ങിയ പൊടികളും ഇവിടെ വിൽപന നടത്തിയിരുന്നു. അവയെല്ലാം പൂർണമായി കത്തി നശിച്ചു. കെട്ടിടത്തിന്റെ ഷീറ്റുകൾക്കും മേൽക്കൂരയ്ക്കും ഭിത്തിക്കും കേടുപാടുണ്ട്.പ്രമോദ് നാരായൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സി.വി.മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.