ADVERTISEMENT

പത്തനംതിട്ട ∙ ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉപകരണങ്ങളുമായി പോയ പിക് അപ് വാനും തമിഴ്നാട്ടിൽനിന്നു പച്ചക്കറിയുമായി വന്ന ലോറിയും കൂട്ടിയിടിച്ചു 2 മരണം. ടികെ റോഡിൽ പത്തനംതിട്ട ടൗണിനു സമീപം പുന്നലത്തുപടിയിൽ ഇന്നലെ പുലർച്ചെ 6.45നാണ് അപകടം. പിക് അപ് വാൻ ഡ്രൈവർ ആലപ്പുഴ കൈനകരി സൗത്ത് സ്വദേശി അഖിൽ കുമാർ (26), ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത് എന്നിവരാണു മരിച്ചത്. പച്ചക്കറിയുമായെത്തിയ ലോറിയിൽ അജിത് മാത്രമാണുണ്ടായിരുന്നത്. 

അപകടത്തിൽ തകർന്ന പിക് അപ് വാൻ. 	ചിത്രം: മനോരമ
അപകടത്തിൽ തകർന്ന പിക് അപ് വാൻ. ചിത്രം: മനോരമ

ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ മുതുകുളം സ്വദേശി സുർജിത് (22) പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.പത്തനംതിട്ട ടൗണിലെ കടയിൽ പച്ചക്കറി ഇറക്കാൻ വരികയായിരുന്ന ലോറി, കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ പിക് അപ് വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഞായർ രാത്രി സീതത്തോട് കോട്ടക്കുഴിയിൽ നടന്ന ഗാനമേളയ്ക്കു ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന പിക്കപ് വാൻ ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നു. 

റോഡരികിലെ മൈൽക്കുറ്റി തകർത്തു മൂന്നു തവണ കരണം മറിഞ്ഞ ലോറി 30 മീറ്റർ അകലെയുള്ള മതിലിൽ ഇടിച്ചാണു നിന്നത്.റോഡിലേക്കു തെറിച്ചു വീണ അജിത്തിനെയും അഖിലിനെയും നാട്ടുകാർ ചേർന്ന് ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും തലയ്ക്കാണു പരുക്ക്. സുർജിത്തിനെ വാൻ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടകാരണമെന്നാണു നിഗമനമെന്നു അധികൃതർ പറഞ്ഞു. 

അഖിലിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ബിജു മുരളീധരന്റെയും ഷീലമ്മയുടെയും മകനാണ്. ഭാര്യ: ധന്യ. മകൻ: അദ്വിക്. സംസ്കാരം ഇന്ന് 10ന് നടക്കും.

അമിതവേഗം, അപകടം
അമിതവേഗംമൂലം സ്ഥിരം അപകട മേഖലയായി ടികെ റോഡിലെ സെന്റ് പീറ്റേഴ്സ് മുതൽ വാര്യാപുരം വരെയുള്ള ഭാഗം. പുന്നലത്തുപടിയിൽ ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായ ഭാഗത്ത് ഇതിനു മുൻപും അപകട മരണം സംഭവിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ കടന്ന് ടികെ റോഡിലേക്ക് കയറിയാൽ വാഹനത്തിന്റെ വേഗം കൂടും. ചെറിയ വളവുകൾ കാര്യമാക്കാതെ വേഗത്തിലാണു വാഹനങ്ങൾ പായുന്നത്.

ചുരുളിക്കോട് ജംക്‌ഷനിൽ മുൻപ് ബസും സിമന്റ് ലോറിയും ബസുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. പുന്നലത്തുപടിയിൽ ഇന്നലെ അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി ആദ്യമെത്തിയത് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലായിരുന്നു.

ആർടിഒ എച്ച്. അൻസാരി, എൻഫോഴ്സ്മെന്റ് ആർടിഒ എൻ.പി.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മോട്ടർവാഹന വകുപ്പ് അപകടസ്ഥലത്ത് പരിശോധന നടത്തി. റോഡിൽ ബ്രേക്ക് ചവിട്ടിയതിന്റെ ലക്ഷണമില്ലെന്നും സിസിടിവികൾ പരിശോധിച്ചതിൽനിന്ന് രണ്ട് വാഹനവും നല്ല വേഗത്തിലായിരുന്നെന്ന സൂചനയുണ്ടെന്നുമാണ് അധികൃതർ പറഞ്ഞത്.

സമീപത്തെ വീടുകളിൽ പത്രം ഇട്ട് പുന്നലത്തുപടി ജംക്‌ഷൻ കഴിഞ്ഞതേയുള്ളു, വണ്ടികൾ കൂട്ടിയിടിച്ചതിന്റെ വലിയ ശബ്ദം കേട്ടാണ് സ്ഥലത്തെത്തിയത്. ഭീകരമായിരുന്നു റോഡിലെ അവസ്ഥ. പിക്കപ് വാൻ ഇടിച്ചു തകർന്നു തരിപ്പണമായി. പച്ചക്കറി ലോറി മറിഞ്ഞു കിടക്കുന്നു. ഇടിയുടെ ആഘാതത്തിൽ 2 പേർ റോഡിലേക്ക് തെറിച്ചുവീണു. രണ്ട് വാഹനങ്ങളുടെയും ചില്ലുകൾ പൊട്ടി പ്രദേശമാകെ തെറിച്ചിട്ടുണ്ട്. 

ഒരാളെ രക്ഷപ്പെടുത്തി അതുവഴി വന്ന വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിലേക്ക് അയച്ചു. അതിനുശേഷം ആദ്യം എത്തിയത് അഗ്നി രക്ഷാസേനയായിരുന്നു. പിന്നാലെ  പൊലീസ് എത്തി. അതിനുശേഷമാണ് മരിച്ചവരെ പുറത്തെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com