കൂട്ടംതെറ്റിയ തീർഥാടകരിൽ ഒരാളെക്കൂടി കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി
Mail This Article
റാന്നി ∙ തീർഥാടന കാലത്ത് ശബരിമലയിൽനിന്ന് കൂട്ടംതെറ്റിപ്പോയ തീർഥാടകരായ 9 പേരിൽ ഒരാളെ കൂടി പൊലീസ് കണ്ടെത്തി ബന്ധുക്കൾക്കു കൈമാറി. ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ. കരുണാനിധിയെയാണ് (58) കൊല്ലത്തുനിന്നു കണ്ടെത്തി ബന്ധുക്കളെ ഏൽപിച്ചത്.
ചെന്നൈയിൽനിന്ന് ഈ മാസം 12ന് അയ്യപ്പ ദർശനത്തിനെത്തിയ 72 അംഗ സംഘത്തിലെ അംഗമായിരുന്നു കരുണാനിധി. നിലയ്ക്കൽ എത്തിയപ്പോഴാണ് അദ്ദേഹം കൂടെയില്ലെന്ന് ഒപ്പമുള്ളവർ അറിഞ്ഞത്. തുടർന്ന് പമ്പ പൊലീസിൽ പരാതി നൽകി. ഓർമക്കുറവുള്ള കരുണാനിധിയെ 20ന് കൊല്ലം റെയിവ്‍വേ സ്റ്റേഷനിലാണ് അവശനിലയിൽ പൊലീസ് കണ്ടത്.
തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായി ഗണേശിന്റെ സഹായത്തോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ വീണ്ടും ഇറങ്ങിപ്പോയി. 2 ദിവസത്തിനുശേഷം ഓട്ടോ ഡ്രൈവർമാരാണ് കണ്ടെത്തിയത്. കൈകൾക്കു പരുക്കുള്ളതിനാൽ വീണ്ടും ആശുപത്രിയിലാക്കി. ഇതിനിടെ തീർഥാടകനെ പമ്പയിൽ നിന്നു കാണാതായെന്ന വാർത്ത ശ്രദ്ധയിൽപെട്ടവർ പമ്പ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
പൊലീസ് കരുണാനിധിയുടെ ചിത്രം ബന്ധുക്കൾക്ക് അയച്ചു കൊടുത്താണ് ആൾ ഇതുതന്നെയെന്ന് ഉറപ്പിച്ചത്. തുടർന്ന് പമ്പ പൊലീസ് ഏറ്റെടുത്ത് റാന്നി കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കു കൈമാറുകയായിരുന്നു. കോഴിക്കോട്, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സ്വദേശികളായ 8 തീർഥാടകരെയാണ് ഇനി കണ്ടെത്താനുള്ളത്.