ADVERTISEMENT

റാന്നി ∙ കോടികൾക്കു പഞ്ഞമില്ല. പക്ഷേ ജനങ്ങളുടെ ദാഹമകറ്റേണ്ട ജല വിതരണ പദ്ധതികൾ സമയത്തു പൂർത്തിയാക്കാൻ ജല അതോറിറ്റിക്കു കഴിയുന്നില്ല. പദ്ധതികളും പണവുമുണ്ടെങ്കിലും വെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് മലയോരവാസികൾ. 

റാന്നി താലൂക്കിൽ റാന്നി മേജർ, അങ്ങാടി, ചെറുകോൽ–നാരങ്ങാനം, അയിരൂർ കാഞ്ഞീറ്റുകര, ഐത്തല, മാടത്തുംപടി, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട്, അടിച്ചിപ്പുഴ, വടശേരിക്കര എന്നീ ജല വിതരണ പദ്ധതികളാണുള്ളത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ എല്ലാ പദ്ധതികളും നവീകരിക്കാൻ രൂപരേഖ തയാറാക്കിയിട്ടുണ്ട്. സംഭരണികളും പമ്പ് ഹൗസുകളും കിണറുകളും നിർമിക്കും മുൻപ് തന്നെ പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ മുറയ്ക്കു നടക്കുന്നുണ്ട്. എന്നാൽ വെള്ളം കിട്ടാൻ കാത്തിരിപ്പു തുടരണം. 

പെരുനാട് അത്തിക്കയം
നിലവിലെ പെരുനാട് ജല വിതരണ പദ്ധതി വിപുലീകരിച്ച് പെരുനാട്–അത്തിക്കയം എന്നീ വില്ലേജുകളിൽ പൂർണമായും ശുദ്ധജലം ലഭ്യമാക്കാൻ ലക്ഷ്യമിട്ടിരുന്നു. 10 വർഷം മുൻപു നിർമാണം തുടങ്ങിയതാണ്. ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷന്റെ ചുമതലയിലാണ് പണി നടക്കുന്നത്. ഇതുവരെ മുണ്ടൻമല, പഞ്ചാരമുക്ക്, ചെമ്പനോലി എന്നീ സംഭരണികളുടെ പരിധികളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതാണ് തടസ്സം. മാർ‌ച്ച് 31ന് മുൻപ് പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് 5 വർഷമായി. ഇതുവരെ നടപടി പൂർണമായിട്ടില്ല. 

അങ്ങാടി കൊറ്റനാട്
അങ്ങാടി പദ്ധതി വിപുലീകരിക്കാനും കൊറ്റനാട് പഞ്ചായത്തിൽ കൂടി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഇരു പഞ്ചായത്തുകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ നടക്കുകയാണ്. എന്നാൽ ജല ശുദ്ധീകരണ പ്ലാന്റ്, കിണർ, പമ്പ് ഹൗസ്, സംഭരണികൾ എന്നിവയുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. കരാർ നടപടികൾ നടക്കുന്നുണ്ട്. നിർമാണം വൈകുകയാണ്. അങ്ങാടി പദ്ധതിയുടെ നിലവിലുള്ള കിണറും പമ്പ് ഹൗസും തകർച്ച നേരിടുന്നതു മൂലമാണ് ഇതിനു സമീപത്ത് പുതിയതും നിർമിക്കുന്നത്. കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമാണം നടത്തുന്നതിന് റോഡില്ലെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. അങ്ങാടി പഞ്ചായത്ത് പുതിയ റോഡ് നിർ‌മിച്ചിട്ടും ജല അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. 

ചെറുകോൽ നാരങ്ങാനം റാന്നി
നിലവിലുള്ള ചെറുകോൽ നാരങ്ങാനം പദ്ധതി വിപുലീകരിച്ച് ചെറുകോൽ, നാരങ്ങാനം എന്നീ പഞ്ചായത്തുകളിൽ പൂർണമായും റാന്നി പഞ്ചായത്തിലെ 2 വാർഡുകളിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുണ്ട്. ഇവിടങ്ങളിലും പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ മാത്രമാണു നടക്കുന്നത്. ജല ശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്നതിനു സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. അതിനുള്ള നടപടി വൈകുകയാണ്. സംഭരണികളുടെ നിർമാണവും തുടങ്ങിയിട്ടില്ല. 

വെച്ചൂച്ചിറ പദ്ധതി
പമ്പാനദിയിൽ ജലനിരപ്പു കുറയുമ്പോൾ പദ്ധതിയുടെ പ്രവർത്തനം തടസ്സപ്പെടും. ഇതിനു പരിഹാരം കാണാൻ എരുമേലി പദ്ധതിയുടെ കിണറ്റിൽ നിന്ന് വെള്ളമെത്തിക്കാനും പുതിയ ജല ശുദ്ധീകരണ പ്ലാന്റ് നിർമിക്കാനും പദ്ധതിയുണ്ട്. കൂടാതെ ചേത്തയ്ക്കൽ വില്ലേജിൽ പൂർണമായും ശുദ്ധീകരിച്ച വെള്ളം ഉറപ്പാക്കാനും ജൽ ജീവൻ മിഷൻ രൂപരേഖ തയാറാക്കിയുണ്ട്. എന്നാൽ നിർമാണം വൈകുകയാണ്.

കൂത്താട്ടുകുളം–വലിയപതാൽ കിഴക്കേവിള റോഡ് പണിക്കിടെ ഇവിടെ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൂർണമായും തകർന്നിരുന്നു. 8 വർഷത്തോളം പൈപ്പുകൾ പുനഃസ്ഥാപിച്ചില്ല. 2 വർഷം മുൻപ് കിഫ്ബി പദ്ധതിയിൽ കരാറായതാണ്. കുറെ പൈപ്പിട്ട ശേഷം കരാറുകാരൻ പിൻമാറി. ബാക്കി പണിക്ക് എസ്റ്റിമേറ്റെടുത്തിട്ടുണ്ട്. കിഫ്ബി ഇത് അംഗീകരിച്ച് വീണ്ടും കരാർ ചെയ്യണം. എന്നത്തേക്കു നടക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതി. 

അമിത ഭാരം വിന
ജൽ ജീവൻ മിഷൻ പദ്ധതിയിലുള്ളതും മുൻപുള്ള മേജർ പണികളും ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷനാണ് ചെയ്യുന്നത്. കോടിക്കണക്കിനു രൂപയുടെ നിർമാണങ്ങൾ സമയബന്ധിതമായി കരാർ ചെയ്യാനും നിരീക്ഷിക്കാനും ആവശ്യത്തിനു ജീവനക്കാരില്ല. നിലയ്ക്കൽ ജല വിതരണ പദ്ധതിയുടെ നിർമാണച്ചുമതലയും അവർക്കാണ്. അടൂരിൽനിന്ന് നിലയ്ക്കലിലെത്തി വേണ്ടത്ര നിർദേശങ്ങൾ നൽകി മടങ്ങുന്നതിന് ഒരു ദിവസം വേണം. ഇതേ സ്ഥിതിയാണ് മറ്റിടങ്ങളിലും. ഇതാണ് പദ്ധതികൾ സമയത്തിനു പൂർത്തിയാക്കുന്നതിനു തടസ്സം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com