അടുകുഴിയിൽ തടി മുറിക്കൽ അവസാനഘട്ടത്തിലേക്ക്
Mail This Article
സീതത്തോട്∙ മണിയാർ അടുകുഴി പ്ലാന്റേഷനിൽനിന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തേക്ക് തടി മുറിക്കൽ അവസാനഘട്ടത്തിൽ. സർക്കാറിന്റെ പ്രധാന വരുമാന മാർഗമായ ഈ പ്രാന്റേഷനിൽനിന്ന് തേക്കും മറ്റ് വൃക്ഷങ്ങളുമടക്കം 5885 എണ്ണമാണ് മുറിക്കുന്നത്. വരുന്ന മാസത്തോടെ തടി മുറിക്കൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.തദ്ദേശീയരായ നൂറിലധികം തൊഴിലാളികൾക്കു തൊഴിൽ ലഭിക്കും. വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തടി മുറിക്കൽ സംബന്ധിച്ച ജോലികൾ ആരംഭിച്ചത്.
1957ൽ പ്ലാന്റ് ചെയ്ത 125 ഹെക്ടറിനെ മൂന്നായി തിരിച്ച് ഇതിൽ ഒന്നാം വിഭാഗത്തിലെ 38.08 ഹെക്ടർ വിസ്തൃതിയിലുള്ള സ്ഥലത്തെ തടികളാണ് ആദ്യഘട്ടത്തിൽ മുറിക്കുന്നത്. ഇത് പൂർത്തിയായാലുടൻ മൂന്നാം വിഭാഗത്തെ തടി മുറിക്കൽ ആരംഭിക്കും. ഇവിടെനിന്നു ശേഖരിക്കുന്ന തടികൾ കോന്നി, അരീക്കക്കാവ്, തെന്മല, കുളത്തൂപ്പുഴ, പത്തനാപുരം, കടയ്ക്കാമൺ, വീയപൂരം തുടങ്ങിയ സ്ഥലത്തെ ഡിപ്പോകളിലാണ് ലേലത്തിനായി എത്തിക്കുന്നത്. അടൂർ സ്വദേശിയാണ് തടി മുറിക്കൽ കരാർ എടുത്തിരിക്കുന്നത്. തണ്ണിത്തോട് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ റെജി കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകർക്കാണ് പ്ലാന്റേഷന്റെ ചുമതല. മുറിക്കുന്ന തേക്ക് മരങ്ങൾക്കു 60 മുതൽ 80 ഇഞ്ച് വരെ വണ്ണമുണ്ട്. ഒരേ സമയം മൂന്ന് ലോറികളിലാണ് ലോഡിങ്. യന്ത്ര സഹായത്തോടെയാണ് തടി മുറിക്കൽ.