ADVERTISEMENT

തിരുവല്ല ∙ യാത്രക്കാർക്ക് ദുരിതം മാത്രം സമ്മാനിക്കുകയാണ് ഇരുവള്ളിപ്ര റെയിൽവേ അടിപ്പാത. അടിപ്പാതയിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അവസാന പരീക്ഷണം എന്ന നിലയിൽ ഒരുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി പ്രവർത്തികൾ നടത്തിയിരുന്നു.

റോഡിലൂടെ ഒഴുകിവരുന്ന വെള്ളം അടിപ്പാതയിലേക്ക് കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശങ്ങളിലുമായി ഓട നിർമിക്കുകയും അതിനു മുകളിലായി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. റോഡിൽ ഗതാഗത കൂടിയതോടു കൂടി ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച പൈപ്പുകൾ തകർന്നു തുടങ്ങി.

അടിപാതയിലെ ഓടയുടെ പൈപ്പുകൾ ഒടിഞ്ഞു മാറി. പൈപ്പുകൾ തകർന്നതോടെ ഇരുചക്ര വാഹന യാത്രക്കാർ വീണ് പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായി. പെപ്പ് പുറത്തേക്ക് തള്ളി നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ച നിരവധി സംഭവങ്ങളുണ്ട്.

നിർമാണ വേളയിൽ തന്നെ ഇവിടുത്തെ നാട്ടുകാർ എൻജിനീയറോടും കരാറുകാരനോടു ഘനമുള്ള പൈപ്പുകൾ സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ അത് മുഖവിലയ്ക്ക് എടുക്കാതെയുള്ള നിർമാണ പ്രവർത്തനമാണ് ഇവിടെ നടന്നത്.

നിലവിലെ പൈപ്പുകൾ മാറ്റി അടിയന്തരമായി കട്ടികൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കാത്ത പക്ഷം വലിയ ദുരന്തം സംഭവിക്കാൻ ഇടയുണ്ട്. തിരുമൂലപുരം - കറ്റോട് റോഡ് 3 കിലോമീറ്റർ 3 കോടി രൂപ ചെലവാക്കിയാണ് ഉന്നത നിലവാരത്തിൽ നിർമിച്ചത്. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലാണ് ഇരുവള്ളിപ്ര അടിപ്പാത.

തിരുവല്ല നഗരത്തിലെ തിരക്ക് ഒഴിവാക്കി കുറഞ്ഞ ദൂരത്തിൽ പോകാവുന്ന ഈ 2 റോഡുകളും നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. ഇവിടെ വഴിവിളക്കില്ലാത്തതും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണിമലയാറിന്റെ സമീപത്തുള്ള അടിപ്പാതയിൽ ആറ്റിൽ വെള്ളം ഉയരുന്നതനുസരിച്ച് വെള്ളം കയറും.

അശാസ്ത്രീയമായി നിർമിച്ച അടിപ്പാതയിലെ ആഴം അറിയാതെ എത്തുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലേക്ക് താഴുന്നതും പതിവാണ്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളം കയറാൻ തുടങ്ങിയതോടെ റെയിൽവേ അധികൃതർ പല പ്രാവശ്യം സന്ദർശിച്ച് പല പ്രവർത്തികളും ചെയ്തു. ഒന്നും ഫലപ്രദമായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com