ADVERTISEMENT

തിരുവല്ല ∙ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ അതിഥിത്തൊഴിലാളികളുടെ ഞാറ്റുപാട്ട് ഉയരുന്നു. അതിന് ഹിന്ദിയുടെയും ബോജ്പുരിയുടെയും ബംഗ്ലായുടെയും താളം ഉണ്ട്. വിതയ്ക്കുന്നതും ഞാറ് നടുന്നതും വളം ഇടുന്നതും കൊയ്യുന്നതും എല്ലാം പശ്ചിമ ബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. പാടങ്ങളിൽ പണിയെടുക്കാൻ നാട്ടുകാരായ കർഷക തൊഴിലാളികളെ ലഭിക്കാതെ വന്നതോടെയാണ്, അതിഥിത്തൊഴിലാളികളെ കർഷകർ ജോലിക്ക് ഇറക്കിയിരിക്കുന്നത്.

സ്ത്രീ തൊഴിലാളികളിൽ ഏറെയും തൊഴിലുറപ്പ് ജോലിക്ക് പോകാൻ തുടങ്ങിയതോടെ, പാടശേഖരങ്ങളിൽ ഞാറ് നടാനും കള പറിക്കാനും ആളെ കിട്ടാനില്ല. രോഗി പരിചരണത്തിനും, മറ്റ് വീട്ടു ജോലികൾക്കും കാർഷിക മേഖലയിലെ ജോലിക്ക് ലഭിക്കുന്നതിനെക്കാൾ ഉയർന്ന വേതനം കിട്ടി തുടങ്ങിയതോടെ കർഷക തൊഴിലാളി വനിതകൾ കൃഷിയിടം തന്നെ ഉപേക്ഷിച്ചു. ഇവിടെയാണ് അതിഥി തൊഴിലാളികൾ കടന്നുകയറിയത്.

അപ്പർ കുട്ടനാട്ടിൽ പാടത്ത് ജോലി ചെയ്യുന്ന നാട്ടുകാരായ പുരുഷൻമാർക്ക് 1000 രൂപയ്ക്ക് മുകളിലാണ് കൂലി. സ്ത്രീ തൊഴിലാളികൾക്ക് 600ന് മുകളിൽ വേതനം നൽകണം. എന്നാൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 900 രൂപ ദിവസ വേതനം നൽകിയാൽ കൂടുതൽ സമയം ജോലി ചെയ്യും.

ബിഹാറിലും പശ്ചിമ ബംഗാളിലും 300 രൂപ വരെയാണ് കർഷക തൊഴിലാളിക്ക് ലഭിക്കുന്നത്. ഇവിടെ ജോലിയെടുക്കുന്ന പല അതിഥിത്തൊഴിലാളികൾക്കും ജന്മനാട്ടിൽ കൃഷിയിടം ഉണ്ട്. അവിടെ ജോലി ചെയ്ത പരിചയവും ഉണ്ട്. അവിടെയും പ്രധാന കൃഷി നെല്ലാണ്. കെട്ടിട നിർമാണ മേഖലയിലെ ജോലികൾ കുറഞ്ഞതോടെയാണ് ഇവർ കാർഷിക ജോലികളിലേക്ക് തിരിഞ്ഞത്.

കടുത്ത ചൂടിലും ഏറെ സമയം ജോലി ചെയ്യുന്നു എന്നതാണ് കർഷകർക്ക് ഇവർ പ്രിയപ്പെട്ടവർ ആകാൻ കാരണം. രാവിലെ 8ന് ജോലിക്ക് കയറുന്ന ഇവർ അഞ്ച് വരെ ജോലി ചെയ്യും. നാട്ടുകാരായ തൊഴിലാളികൾ ഇത്രയും സമയം പണിയെടുക്കില്ലെന്നു കർഷകനായ  ചാത്തങ്കരി വി.എ ഏബ്രഹാം പറഞ്ഞു.

ഞാറ് നടാൻ ഏക്കറിന് 8 പേർ വേണ്ടിടത്ത്, 4 അതിഥിത്തൊഴിലാളികളെ കൊണ്ട് കഴിയുമെന്ന് കർഷകനായ സണ്ണി തോമസ് മേപ്രാൽ പറഞ്ഞു. 15 ഏക്കർ പാടത്ത് വളം ഇടാൻ നാട്ടുകാർക്ക് 18,000 രൂപ നൽകേണ്ടിടത്ത്, അതിഥിത്തൊഴിലാളിക്ക് 4000 രൂപ മാത്രം നൽകിയാൽ മതി. 

പത്തനംതിട്ട ജില്ലയുടെ ഭാഗമായ അപ്പർകുട്ടനാട്ടിൽ മാത്രം 4000 ഹെക്ടറിൽ അധികം നെൽക്കൃഷി ഉണ്ട്. പെരിങ്ങര പഞ്ചായത്തിൽ 25,നിരണം12,കടപ്ര 7, നെടുമ്പ്രം 6, കുറ്റൂർ 2,കവിയൂർ 4,എന്നിങ്ങനെയാണ് പാടശേഖരങ്ങളുടെ എണ്ണം. ഇവിടെയെല്ലാം പാടശേഖര സമിതികളും പ്രവർത്തിക്കുന്നു. കർഷകർ  ജോലിക്കായി നാട്ടുകാരെ തേടി മടുത്തപ്പോഴാണ് അതിഥി തൊഴിലാളികളെ വിളിക്കാൻ തുടങ്ങിയത്.

ചാത്തങ്കരി,കോടങ്കരി, വളവനാൽ ,പാണാകേരി, പടവിനകം, അഞ്ചടി വേളൂർ, മുണ്ടകം, കരിഞ്ചെമ്പ്, വേങ്ങൽ, പെരുന്തുരുത്തി, പാരൂർ കണ്ണാട് തുടങ്ങിയ പാടശേഖരങ്ങളിലെ പച്ചപ്പിന് പിന്നിൽ അതിഥി തൊഴിലാളികളുടെ കരങ്ങളും ഉണ്ട് .എന്തായാലും അപ്പർ കുട്ടനാട്ടിൽ കൊയ്ത് എടുക്കുന്ന ഓരോ നെന്മണിക്ക് പിന്നിലും അതിഥിത്തൊഴിലാളികളുടെ അധ്വാനമുണ്ട്.  

വീരാ പട്ടേൽ, ബിഹാർ
‘ജോലി ചെയ്യുന്നതിന് ഭാഷ ഒരു തടസ്സമല്ല. ഞങ്ങളിൽ പലർക്കും ബിഹാറിൽ കൃഷിയുണ്ട്.നെൽക്ക്യഷി ചെയ്ത പരിചയവും ഉണ്ട്. ബോജ്പുരി ഭാഷയിൽ രാമകഥ പാടിയാണ്, അവിടെ ഞാറ് നടുന്നത്. നാട്ടിൽ കിട്ടുന്നതിന്റെ രണ്ട് ഇരട്ടി കൂലി ലഭിക്കുന്നതിനാൽ ഏറെ സന്തോഷത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്.

തമ്പി വർഗീസ് കർഷകൻ വാഴക്കൂട്ടത്തിൽ, ചാത്തങ്കരി
‘കാലാവസ്ഥയിൽ ഉണ്ടായ മാറ്റംകൊണ്ട് കൃഷി ഇറക്കാൻ വൈകി. നേരത്തെ ഞാറ് നടുന്നതിനും കള പറിക്കുന്നതിനും സ്ത്രീ തൊഴിലാളികളെ ലഭിച്ചിരുന്നു. തൊഴിലാളികളെ ലഭിക്കാതെ വന്നതോടെയാണ് അതിഥിത്തൊഴിലാളികളെ ജോലിക്ക് ഇറക്കി തുടങ്ങിയത്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com