വീണ്ടും അറ്റകുറ്റപ്പണി: കുറ്റൂർ അടിപ്പാത നാളെ അടയ്ക്കും
Mail This Article
തിരുവല്ല ∙ കുറ്റൂർ റെയിൽവേ അടിപ്പാത വീണ്ടും അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നു. നാളെ മുതൽ 14 വരെയാണ് റോഡ് പൂർണമായും അടച്ചിടുന്നത്. റോഡിന് കുറുകെയുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ മാറുന്നതിന് ആണ് പത്ത് ദിവസത്തേക്ക് അടയ്ക്കുന്നത്. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിച്ച് തിരുവല്ല നഗരത്തിന്റെ ഔട്ടർ ബൈപാസ് ആയി ഉപയോഗിക്കുന്ന റോഡാണിത്.
ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ആലപ്പുഴ ജില്ലയിലേക്കും ഉള്ള നിർമാണ ജോലികൾക്ക് ആവശ്യമായ മണ്ണും കല്ലും അടക്കമുള്ള സാമഗ്രികൾ കൊണ്ടുപോകുന്ന വലിയ വാഹനങ്ങൾ പലപ്പോഴും കടന്ന് പോകുന്നത് ഈ റോഡിലൂടെയാണ്. കുറ്റൂരിൽ നിന്ന് മനയ്ക്കച്ചിറയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി 2022 നവംബറിൽ ഒരു മാസക്കാലം പൂർണമായി അടച്ചിരുന്നു. ഡിസംബർ 9നാണ് നിർമാണം പൂർത്തീകരിച്ച് റോഡ് തുറന്നു കൊടുത്തത്.
ഏതാനും നാളുകൾക്കു ശേഷം അടിപ്പാതയിൽ വലിയ കുഴികൾ രൂപപ്പെടുകയും റോഡിന് കുറുകെയുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ തകരുകയും ചെയ്തു. ഒരുമാസം മുൻപ് റോഡിലെ കുഴികൾ അടച്ചു. എന്നാൽ ഓടയ്ക്ക് മുകളിലെ ഇരുമ്പ് കമ്പികൾ മാറിയിരുന്നില്ല. ഇതിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് റോഡ് വീണ്ടും അടയ്ക്കുന്നത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എട്ട് വർഷം മുൻപാണ് അടിപ്പാത നിർമിച്ചത്.