ADVERTISEMENT

പെരുമ്പെട്ടി ∙ വരൾച്ച രൂക്ഷമായതോടെ ഉരുക്കൾക്കുള്ള തീറ്റക്കായി കർഷകർ നെട്ടോട്ടം ഓടുന്നു. വൈക്കോലിന് വിലയേറുന്നതും ഇരുട്ടടിയാകുന്നു.  മലയോര മേഖലകളിലും വയലോലകളിലും അടിക്കാടുകളും ചെറുസസ്യങ്ങളും കനത്ത വേനലിൽ കരിഞ്ഞുണങ്ങിയതോടെ മേഖലയിലെ ക്ഷീരകർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മുത്വപട്ട, കുരട്ടിപ്പട്ട, നിർലപുരം, നാഗപ്പാറ, കിടികെട്ടിപ്പാറ, പുളിക്കൻപാറ, മലമ്പാറ, കാട്ടോലിപ്പാറ, പെരുമ്പാറ, പുളിക്കമറ്റംമല, കരമാല, മേത്താനം, കൂലിപ്പാറ, അറഞ്ഞിക്കൽ, മെലാടുംപാറ, കരുവള്ളിക്കാട്,തടത്തേമല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. പ്രദേശത്തെ മിക്കയിടങ്ങളിലും തീറ്റപ്പുൽ കൃഷിയടക്കം കരിഞ്ഞുണങ്ങിയിട്ടുണ്ട്. വേനൽമഴ വൈകുന്തോറും തീറ്റക്കായി കർഷകർ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്.

സമീപത്തെ വലിയകാവ് വനാന്തരങ്ങളിലടക്കം അടിക്കാടുകളും പച്ചപ്പുകളും വരണ്ടുണങ്ങി. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് വലിയ ലോറികളിലെത്തുന്ന വൈക്കോലിന്റെ വരവും കാത്താണ് കർഷകരുടെ നിൽപ്. വേനൽ കനത്തതോടെ വൈക്കോൽ വരവ് ഗണ്യമായി കുറഞ്ഞു, മുൻപ് 30 കിലോ അടുത്തുള്ള ഒരു ഉരുളൻ കെട്ട് കച്ചിക്ക് 300 മുതൽ 350 രൂപ ആയിരുന്നത് ഇപ്പോൾ 50 രൂപ വർധിച്ച് 400 ൽ എത്തിനിൽക്കുന്നു. വില ഇനിയും ഉയരാം.   റബർത്തോട്ടങ്ങളിലെ പടലുകൾ വരെ ഉരുക്കൾക്കു തീറ്റയായി നൽകേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വർഷം  ചക്കകൾ ലഭ്യമായിരുന്നതിനാൽ വിളവെത്തും മുൻപ് ഇതും ഉരുക്കൾക്ക് കൊത്തിയരിഞ്ഞ് ഘട്ടംഘട്ടമായി നൽകിയിരുന്നു. എന്നാൽ ഇത്തവണ ചക്ക ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ക്ഷീര സംഘങ്ങളിൽ ഒരു മാസത്തിനിടയിൽ എത്തുന്ന പാലിന്റെ അളവ് 1000 മുതൽ 1500 ലീറ്റർ വരെ കുറയുന്നതായാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com