എത്രകാലം സഹിക്കണം ഈ പൊടിശല്യം?
Mail This Article
അടൂർ∙ റോഡു പണി ഒന്നു വേഗത്തിൽ തീർക്കുമോ? പൊടിശല്യം കൊണ്ട് ഞങ്ങൾക്ക് ഇവിടെ ഇരിക്കാൻ വയ്യേ. ഇത് ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാരുടെയും കടക്കാരുടെയും വാക്കുകളാണിത്. ഈ റോഡ് ടാറിങ്ങിനായി ഇളക്കിയിട്ടിട്ട് 2 മാസത്തോളമായി. ഇതുവരെയും ടാറിങ് നടത്താത്തതിനാൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ പൊടി അടിച്ച് വീടുകളിലേക്കും കടകളിലേക്കും കയറുകയാണ്. ഇതു കാരണം ഇവിടെയുള്ള ഒട്ടുമിക്ക പേർക്കും ശ്വാസംമുട്ടലും തുമ്മലും പിടിപെട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. റോഡ് ഇളക്കിയിട്ട ശേഷം പണി മെല്ലെ പോകുന്നതാണ് പൊടിശല്യത്താൽ സ്ഥലവാസികൾ ദുരിതമനുഭവിക്കേണ്ടി വന്നിരിക്കുന്നത്.
ഹോളിക്രോസ് ജംക്‌ഷനു സമീപത്തായുള്ള മാർത്തോമ്മാ സ്കൂളിലെ കുട്ടികൾക്കാണ് ഏറെ ബുദ്ധിമുട്ട്. നാട്ടുകാരുടെ പരാതി വ്യാപകമായപ്പോൾ കരാറുകാരൻ കുറച്ചു ദിവസം റോഡിൽ വെള്ളമടിച്ചിരുന്നു. എന്നാൽ വെയിൽ കടുത്തതിനാൽ വെള്ളം ഒഴിക്കുന്ന സമായത്തേക്കു മാത്രം പൊടി ഒന്നടങ്ങും. വീണ്ടും വാഹനങ്ങൾ പോകുമ്പോൾ രൂക്ഷമായ പൊടിശല്യമാകും. ഇതിൽ നിന്ന് രക്ഷനേടാൻ എല്ലാവരും മാസ്ക് ധരിക്കുകയാണ്. കരാറുകാരൻ എല്ലാ സമയത്ത് റോഡിൽ വെള്ളം തളിക്കാത്തതിനാൽ സമീപത്തുള്ള വീട്ടുകാരും കടക്കാരും അവരുടെ മുൻഭാഗത്ത് ദിവസവും റോഡിൽ വെള്ളം തളിക്കേണ്ട സ്ഥിതിയാണ്. പണി വേഗത്തിൽ തീർത്ത് നാട്ടുകാരെ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.