പുതുതലമുറയ്ക്ക് മാതൃകയാണ്, ഈ യുവ ക്ഷീര കർഷകൻ
Mail This Article
പെരുമ്പെട്ടി ∙ സംസ്ഥാന ക്ഷീര സഹകാരി തിരുവനന്തപുരം മേഖലാതല അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ട എഴുമറ്റൂർ പൈക്കരയിൽ വിമൽ വിനോദ് എന്ന യുവകർഷകൻ. മെക്കാനിക്കൽ ഡിപ്ലോമയ്ക്ക് ശേഷം ഇപ്പോൾ ഫാമിന്റെ പൂർണചുമതലക്കാരൻ. സഹായത്തിന് ജോലിക്കാരുണ്ടെങ്കിലും മേൽനോട്ടത്തിനും പരിപാലനത്തിനും വീട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരൻ. ചെറുപ്രായത്തിലെ ഉരുക്കളുടെ പ്രിയപ്പെട്ടവൻ. ഈ യുവ കർഷകന്റെ ഫാമിൽ 150 കറവപ്പശുക്കളും 45 കിടാരികളും 30 എരുമകളും ഉണ്ട്. കർഷകൻ 219472 ലീറ്റർ പാലാണ് കഴിഞ്ഞ വർഷം കൊറ്റൻകുടി ക്ഷീരസംഘത്തിൽ നൽകിയത്. ഇതിനു പുറമേ ദിവസവും 100 ലീറ്ററിലധികം പാൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമായി നൽകുന്നുമുണ്ട്.
ശാസ്ത്രീയമായി നിർമിച്ച 3 കാലിത്തൊഴുത്ത് ഭാഗികമായി യന്ത്രവൽകൃത 8 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തും 2 സ്വന്തം സ്ഥലത്തും തീറ്റപ്പുൽകൃഷിയും ചെയ്യുന്നു. ഇവിടത്തെ പശുക്കളുടെ ചാണകം ഉണക്കി പൊടിച്ച് വിപണനം നടത്തുന്നതോടൊപ്പം സ്വന്തം തൊടിയിൽ ജൈവ പച്ചക്കറിക്കൃഷിയുമുണ്ട്. ഒപ്പം വീട്ടിലേക്ക് ആവശ്യമായ മത്സ്യക്കൃഷിയും സജ്ജമാണ്. ഉരു പരിപാലനം കഴിഞ്ഞാൽ പിന്നെ വാഹനങ്ങളോടാണ് കമ്പം. ഇരുചക്രവാഹനം മുതൽ ക്രെയിൻ വരെയുള്ളവയുടെ ലൈസൻസും ഇയാൾ നേടിയിട്ടുണ്ട്. വിമലിന്റെ എല്ലാ പ്രവൃത്തികൾക്കും അച്ഛൻ വിനോദും അമ്മ ശ്രീജയും സഹോദരി ലക്ഷ്മിയും ഒപ്പമുണ്ട്.