വലിയതോട് പുനരുദ്ധരിച്ചാൽ കീഴേച്ചാൽ പാടത്ത് വെള്ളമെത്തും
Mail This Article
കുളനട ∙ പരിചരണമില്ലാതെ അമ്പലക്കടവ് ചെറിയപാലം–കീഴേച്ചാൽ പാടം വലിയതോട് കാടുകയറി. വശങ്ങളിടിഞ്ഞു നാശോന്മുഖമായ സ്ഥിതിയിലാണ് വലിയതോട് ഇപ്പോൾ. അച്ചൻകോവിലാറ്റിൽ നിന്ന് കീഴേച്ചാൽ,മേലേച്ചാൽ പാടത്തേക്ക് മുൻകാലങ്ങളിൽ വെള്ളമെത്തിയിരുന്നത് ഈ തോട്ടിലൂടെയായിരുന്നു. ഇപ്പോൾ പൂർണമായും കാടുമൂടി വെള്ളമൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. സംരക്ഷണഭിത്തി തകർന്ന് കല്ലുകൾ തോട്ടിൽ പതിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തോടെയാണ് വശങ്ങളിലെ ഭിത്തി ഇടിഞ്ഞു കൂടുതൽ തകർച്ചയിലായത്.
അച്ചൻകോവിലാറിൽ നിന്ന് ഈ തോട് വഴിയാണ് പാടശേഖരങ്ങളിൽ വെള്ളമെത്തിയിരുന്നത്. ഇപ്പോൾ,കീഴേച്ചാലിലെ വലിയ ചാലിലെ പരിമിതമായ വെള്ളം മാത്രമാണ് ആശ്രയം. ഇതും കാടുകയറി,ചെളിയും നിറഞ്ഞ നിലയിലാണ്. ആറ്റിൽ ജലനിരപ്പുയരുമ്പോൾ ഈ വലിയതോട് വഴി വെള്ളം കീഴേച്ചാൽ പാടത്തെത്തുകയും ജലനിരപ്പ് താഴുമ്പോൾ കോണത്തുമൂല വഴി തിരികെ ആറ്റിലേക്കെത്തുന്നതുമായിരുന്നു ഇതിന്റെ ഘടന. തോടിന്റെ കോണത്തുമൂലയ്ക്കും ആറിനുമിടയിലുള്ള ഭാഗം മണ്ണിടിഞ്ഞു വീതികുറഞ്ഞ നിലയിലുമാണ്. ചെറുകിട ജലസേചനവകുപ്പാണ് പുനരുദ്ധാരണം നടത്തേണ്ടതെങ്കിലും നടപടികളൊന്നുമായിട്ടില്ല.