ചുറ്റുമതിലും ഗേറ്റുമില്ല; റാന്നി മിനി സിവിൽ സ്റ്റേഷൻ സാമൂഹിക വിരുദ്ധരുടെ താവളം
Mail This Article
റാന്നി ∙ ചുറ്റുമതിലും ഗേറ്റുമില്ല, സന്ധ്യക്കു ശേഷവും അവധി ദിവസങ്ങളിലും സാമൂഹിക വിരുദ്ധരുടെ താവളമായി മിനി സിവിൽ സ്റ്റേഷനും പരിസരവും.പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന് റാന്നി ട്രഷറിപ്പടിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. രണ്ടു ബ്ലോക്കുകളിലായിട്ടാണ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.
രണ്ടാം ബ്ലോക്കിന്റെ താഴത്തെ നിലയിൽ അഗ്നിരക്ഷാ യൂണിറ്റും താലൂക്ക് ഓഫിസുമുണ്ട്. ഇവിടെങ്ങളിൽ രാത്രിയും പകലും ജീവനക്കാരുണ്ട്. എന്നാൽ ഒന്നാം ബ്ലോക്കിൽ പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് ജീവനക്കാരുള്ളത്. അല്ലാത്ത ദിവസങ്ങളിൽ ബ്ലോക്കും പരിസരവും വിജനമായി കിടക്കുകയാണ്. മിക്ക ദിവസങ്ങളിലും മദ്യപർ ഇവിടം താവളമാക്കുന്നു.
കെട്ടിടത്തിന്റെ പടിക്കെട്ടുകളിലും പരിസരങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞിരിക്കുന്നതു കാണാം. വാഹനങ്ങളിലിരുന്ന് മദ്യപിക്കുന്നവരുമുണ്ട്. പൊലീസ് പട്രോളിങ്ങിന് എത്താത്തതിനാൽ സുരക്ഷിത താവളമായിട്ടാണ് മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ മദ്യപർ കാണുന്നത്. മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിട്ടും ചുറ്റുമതിൽ പണിതിട്ടില്ല.
ഇതുമൂലം കയ്യേറ്റവും നടന്നിട്ടുണ്ട്. ഇത് അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സിവിൽ സ്റ്റേഷന്റെ മുന്നിലെ ഗേറ്റ് തകർന്നിട്ടു വർഷങ്ങളായി. അവ നീക്കി പുതിയതു സ്ഥാപിച്ചിട്ടില്ല. ഫയർ യൂണിറ്റുകൾക്കു സുരക്ഷിതമായി കയറിയിറങ്ങാനാവുന്ന വിധത്തിൽ വീതി കൂട്ടി ഗേറ്റ് നിർമിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. പിഡബ്ല്യുഡി കെട്ടിട വിഭാഗം എസ്റ്റിമേറ്റെടുത്തു കൊടുത്തിട്ടും ഫണ്ട് അനുവദിക്കാത്തതാണു തടസ്സം.