ADVERTISEMENT

കോന്നി ∙ വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി. മത്സ്യവ്യാപാരി വട്ടക്കാവ് ലക്ഷംവീട് സഫിയ മൻസിൽ നിയാസിന്റെ വീട്ടിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാവിലെ 6.30നാണ് വീട്ടുകാർ മോഷണം നടന്ന വിവരം അറിയുന്നത്. കിടപ്പുമുറിയിലെ രണ്ട് മേശയിലുണ്ടായിരുന്ന പണവും ഭാര്യയുടെ ബാഗിലുണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. വട്ടക്കാവ് പള്ളിയുടെ ചുമതലയുള്ള നിയാസ് പള്ളിയിലെ പരിപാടി കഴിഞ്ഞ് രാത്രി 10.30നാണ് വീട്ടിലെത്തിയത്. തുടർന്ന് നിയാസും കുടുംബവും കിടന്നത് ഹാളിലാണ്.

അടുക്കള ഭാഗത്തെ കതകിന്റെ കുറ്റിയിടാൻ മറന്നിരുന്നു. ഇതുവഴിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്. കിടപ്പുമുറിയിലെ മേശയുടെ താക്കോൽ ഷെൽഫിൽ നിന്നെടുത്ത് തുറന്നാണ് പണം കൊണ്ടുപോയത്. പണം സൂക്ഷിച്ചിരുന്ന ബാഗ് വീട്ടിൽ ഉപേക്ഷിച്ചിട്ടുണ്ട്. പള്ളിയിലെ 60,000 രൂപയും മീൻകച്ചവടം നടത്തിയ 50,000 രൂപയും ഭാര്യയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടതെന്നും മുറിയിലെ അലമാരകളും മേശയുമെല്ലാം തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.സമീപ പ്രദേശമായ ചേരിമുക്കിൽ ഒരു വീട്ടിൽ മോഷണവും മറ്റൊരു വീട്ടിൽ മോഷണശ്രമവും നടന്നു. ചേരിമുക്ക് ഇളവുമഠത്തിൽ ലിസിക്കുട്ടിയുടെ വീട്ടിൽ നിന്ന് 2500 രൂപ കൊണ്ടുപോയി.

വീടിന്റെ പിൻവശത്തെ കതകിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന് കിടപ്പു മുറിയിൽ കയറി കട്ടിലിൽ ഇരുന്ന ബാഗ് മോഷ്ടിക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന പണം എടുത്തശേഷം ബാഗ് അടുക്കളയിൽ ഉപേക്ഷിച്ചു. അതിനുശേഷമാണ് സമീപത്തെ പാലത്തുംപാട്ട് രമണിയുടെ വീട്ടിൽ കയറാൻ ശ്രമം നടത്തിയത്. ഗ്രില്ലിന്റെ പൂട്ടിളക്കിയ നിലയിലായിരുന്നു.എന്നാൽ, വീട്ടിൽ കയറിയില്ല. ഗൃഹനാഥൻ ശബ്ദം കേട്ട് അടുക്കളയിലെ ലൈറ്റ് ഇട്ടപ്പോൾ പാന്റ്സും ഷർട്ടും ധരിച്ച ഒരാൾ റോഡിലൂടെ നടന്നു പോകുന്നതും കണ്ടു. രാവിലെ കതകു തുറന്നപ്പോഴാണ് ഗ്രില്ലിന്റെ പൂട്ട് ഇളക്കിയതായി കണ്ടത്. മോഷണം നടന്ന വീടുകളിൽ പൊലീസ് സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. ഇടവേളയ്ക്കു ശേഷം വീണ്ടും മോഷണം വർധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com