പച്ചക്കറിക്കായക്കൂട്ടിൽ ഒരു ഭീമൻ ദിനോസർ വന്നെത്തീ...
Mail This Article
കോഴഞ്ചേരി ∙ ഒരു കാലത്ത് ഭൂമി അടക്കിവാണു മൺമറഞ്ഞ ദിനോസർ ഭീമൻ ഇതാ പച്ചക്കറിയിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പമേളയിലാണു പച്ചക്കറികൾ ഉപയോഗിച്ച് ദിനോസർ ഭീമനെ നിർമിച്ചിരിക്കുന്നത്. ദിനോസർ മാത്രമല്ല കൂടെ പാവയ്ക്ക ഉപയോഗിച്ച് നിർമിച്ച മുതല, കാബേജ് കൊണ്ടുണ്ടാക്കിയ വാത്തക്കോഴി എന്നിവയും കൂട്ടിനായുണ്ട്. കടുത്ത കുംഭമാസചൂട് അസഹനീയമായി തോന്നുന്നുണ്ടെങ്കിൽ പുഷ്പമേള പന്തലിലേക്ക് എത്തുക. പച്ച വിരിച്ച പുൽമൈതാനത്തിൽ ഒട്ടേറെ വർണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ. അവയിൽ നിറയെ വർണപ്പൂക്കൾ. മനം മയങ്ങാൻ ഇത്തരമൊരു കാഴ്ച ഒരിക്കലും മറക്കാനാവുന്നതല്ല.
പൂക്കളുടെ ലോകത്തു നിന്നു കയറിയാൽ അടുത്തതാണു പച്ചക്കറികൾ കൊണ്ടുള്ള മൃഗസൃഷ്ടികൾ. ഒപ്പം പൂക്കൾ കൊണ്ടുള്ള വർണക്കൂടാരവും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്കു പിന്നാലെ വൈവിധ്യങ്ങൾ നിറഞ്ഞ വ്യാപാര മേളകളുടെ വരവായി. തേക്കുതടിയിലും മറ്റും നിർമിച്ച വീട്ടുപകരണങ്ങൾ വലിയ വിലക്കുറവിൽ ലഭിക്കും.
രാജസ്ഥാനിൽ നിന്നെത്തിയ വിവിധയിനം അച്ചാറുകൾ, കോഴിക്കോടൻ ഹൽവകളുടെ സ്റ്റാൾ മിഠായിത്തെരുവിലെത്തിയ പ്രതീതി സൃഷ്ടിക്കും. പഴയ തലമുറയ്ക്ക് ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന കപ്പലണ്ടി മിഠായി, സിഗററ്റു മിഠായി തുടങ്ങി പഴയകാല മിഠായികളുടെ വൻ ശേഖരവും ഇവിടെയുണ്ട്.
ഫുഡ്കോർട്ടിലെത്തിയാൽ നാവിൽ കൊതിയൂറുന്ന കുടുംബശ്രീയുടെ കോഴിക്കോടൻ വിഭവങ്ങളുടെ കലവറയായി. കോഴിക്കോടൻ പത്തിരിയും കോഴിക്കറിയും മുതൽ കപ്പയും മീൻകറിയും വരെയുണ്ട്.
പുഷ്പമേളയിൽ ഇന്ന്
∙പുഷ്പസംവിധാന മത്സരങ്ങൾ 8.00.
∙സെമിനാർ 10.00.
∙വിജ്ഞാന തൊഴിൽ പദ്ധതി ഉദ്ഘാടനം മന്ത്രി വീണാ ജോർജ് 2.00.
∙കലാസന്ധ്യ 7.00.