മോദി സർക്കാരിന്റേത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച ചരിത്രം: എം.എ.ബേബി
Mail This Article
പത്തനംതിട്ട ∙ കേരളത്തിലെ രണ്ട് കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിലേക്കു പോയത് കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം കാരണമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി കുറ്റപ്പെടുത്തി. എൽഡിഎഫ് പത്തനംതിട്ട ലോക്സഭാ മണ്ഡലം ഇലക്‌ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയിൽ തുടരണോ വേണ്ടയോ എന്ന വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നത്. ഇന്ധനവിലയും പാചകവാതക വിലയും കുറയ്ക്കും തുടങ്ങി ആദ്യ തവണ മുതൽ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച ചരിത്രമാണ് മോദി സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ അധ്യക്ഷനായി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എംഎൽഎമാരായ പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജനീഷ് കുമാർ, നേതാക്കളായ വൈക്കം വിശ്വൻ, അലക്സ് കണ്ണമല, കെ.രാജൻ, ഇ.വി.റസൽ, കെ.ജെ.തോമസ്, ഡോ.വർഗീസ് ജോർജ്, കെ.പി. ഉദയഭാനു, കെ.എൻ.മോഹൻലാൽ, മനോജ് മാധവശേരി, കെ.പത്മകുമാർ, രാജു ഏബ്രഹാം, രാജി പി.രാജപ്പൻ, ചെറിയാൻ പോളച്ചിറക്കൽ, പി.കെ.ജേക്കബ്, സീതത്തോട് മോഹനൻ, ജോസഫ്, സുമേഷ് ഐശ്വര്യ, രാജു നെടുവംപുറം എന്നിവർ പ്രസംഗിച്ചു.