ADVERTISEMENT

പത്തനംതിട്ട∙ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ഇന്നലെ പരുമല ആശുപത്രിയിലെ കാർഡിയോളജി വിഭാഗം പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ആറന്മുള, അടൂർ നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുത്തു. പിന്നീട് ഇരു മണ്ഡലങ്ങളിലെയും വിവിധ മരണ വീടുകൾ സന്ദർശിച്ചു. തുടർന്ന് അടൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു.

പത്തനംതിട്ട ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി എംപി അടൂരിൽ പ്രചാരണത്തിനിടെ.
പത്തനംതിട്ട ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി എംപി അടൂരിൽ പ്രചാരണത്തിനിടെ.

അടൂർ∙ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം പാർലമെന്റിൽ അനിവാര്യമാന്നെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക് പറഞ്ഞു. അടൂർ അസംബ്ലി മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ മാറ്റാതിരിക്കാനും കേരള സർക്കാരിനെ സംരക്ഷിക്കാനും ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം പാർലമെന്റിൽ വേണം. ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ സുപ്രീം കോടതി സിബിഐയെ ശാസിച്ചത് ബിജെപിയെ വേവലാതിയിലാക്കിയെന്നും  ഐസക് പറഞ്ഞു.കൺവൻഷൻ സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി ടി.എം.തോമസ് ഐസക് എൽഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവൻഷനിൽ എത്തി വോട്ടു തേടുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി ടി.എം.തോമസ് ഐസക് എൽഡിഎഫ് അടൂർ നിയോജക മണ്ഡലം കൺവൻഷനിൽ എത്തി വോട്ടു തേടുന്നു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ ടി.ഡി.ബൈജു, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, രാജു ഏബ്രഹാം, ഡി.സജി,ഡോ.വർഗീസ് പോയിൽ, രാജു നെടുംപുറം, മുണ്ടപ്പള്ളി തോമസ്, ശ്രീഗണേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സജി പ്രസിഡന്റും പി.ബി.ഹർഷകുമാർ സെക്രട്ടറിയായി 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2001 അംഗ ജനറൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. റാന്നി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിലും ഇന്നലെ കൺവൻഷനുകൾ നടന്നു.

തിരുവല്ല∙  എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൻഡിഎ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുകവല മുതൽ ദീപ ജംക്‌ഷൻ വരെ റോഡ് ഷോ നടത്തി.നൂറുകണക്കിന് പ്രവർത്തകർക്ക് പിന്നിലായി തുറന്ന ജീപ്പിലാണ് അനിൽ ആന്റണി റോഡ് ഷോ നടത്തിയത്. എംസി റോഡിലൂടെ നീങ്ങിയ സ്ഥാനാർഥിക്ക് ബിജെപി, എൻഡിഎ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.

ബിജെപി ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്ര വർമ, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ജില്ലാ സെൽ കോഓർഡിനേറ്റർ പ്രസന്നകുമാർ കുറ്റൂർ, സംസ്ഥാന സ്പോർട്സ് സെൽ കൺവീനർ വിനോദ് തിരുമൂലപുരം, മണ്ഡലം പ്രസിഡന്റ് കെ.ബി.മുരുകേഷ്, ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദനൻ, രാജ് പ്രകാശ്, വൈസ് പ്രസിഡന്റുമാരായ രാജലക്ഷ്മി, ആർ. നിതീഷ്, ഇ.ജെ.അനിൽകുമാർ, സെക്രട്ടറി സന്തോഷ് ചാത്തങ്കരി എന്നവർ നേതൃത്വം നൽകി.മല്ലപ്പള്ളിയിലും അനിൽ ആന്റണി റോഡ് ഷോ നടത്തി.

നരേന്ദ്ര മോദി 15ന് പത്തനംതിട്ടയിൽ
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ പ്രചാരണ പരിപാടികളിൽ മാറ്റം. ഈ മാസം 15ന് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും 19ന് പാലക്കാട് റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. നേരത്തേ 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്. 15ന് രാവിലെ 11ന് പത്തനംതിട്ടയിലെ ജില്ലാ സ്റ്റേഡിയത്തിലാണ് സമ്മേളനം.

വോട്ടുകവല ഇന്ന് പത്തനംതിട്ടയിൽ
പത്തനംതിട്ട ∙ മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയായ ‘വോട്ടുകവല’ ഇന്ന് പത്തനംതിട്ട മണ്ഡലത്തിൽ നടക്കും. വൈകിട്ട് 6.30ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിലാണ് പരിപാടി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ എംഎൽഎയും സിപിഎം നേതാവുമായ രാജു ഏബ്രഹാം, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com