ADVERTISEMENT

പത്തനംതിട്ട ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജില്ലയിൽ ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷാ സന്നാഹം. പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകേണ്ട വഴികളിലെ ഗതാഗത ക്രമീകരണവും സുരക്ഷാ പരിശോധനയും പൂർത്തിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും സംയുക്തമായാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. എസ്പിജിയും കേരള പൊലീസും സുരക്ഷ ക്രമീകരണങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ട്. പന്ത്രണ്ട് മണിയോടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് വിവരം. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ എത്തും.

അവിടെനിന്നാകും സമ്മേളന നഗരിയിലെ വേദിയിലെത്തുക. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സുകളും കൊടികളുംകൊണ്ട് നഗരം നിറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് പ്രവർത്തകർക്ക് എത്തിച്ചേരാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽനിന്ന് ഒരുലക്ഷത്തിലേറെ പ്രവർത്തകരാണ് പരിപാടിക്കെത്തുക. സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ജനങ്ങൾക്ക്‌ ഇരിക്കാൻ കഴിയുന്ന രീതിയിൽ ഭീമൻ പന്തൽ ഒരുക്കിയിട്ടുണ്ട്. യുവാക്കളാണ് വൊളന്റിയർമാരുടെ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു രണ്ടു ദിവസങ്ങൾ കൊണ്ടാണ് ബിജെപി ജില്ലാ ഘടകം സംഘാടക സമിതി വിളിച്ചുകൂട്ടുകയും വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തത്.

സമ്മേളന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന ജന. സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്നു സ്വീകരിക്കും. എൻഡിഎ സ്ഥാനാർഥികളായ കേന്ദ്രമന്ത്രി വി. മുരളീധരൻ, അനിൽ കെ.ആന്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര), ബിജെപി–എൻഡിഎ ദേശീയ–സംസ്ഥാന–ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

പാർക്കിങ് സൗകര്യം
ജില്ലാ പൊലീസ് ഓഫിസിനു സമീപത്തുള്ള ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്സ് ജംക്‌ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ചർച്ച് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഡ്രോണുകള്‍ക്ക് നിരോധനം
പത്തനംതിട്ട ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ച് ജില്ലാ പൊലീസ്. 2 സ്റ്റേഡിയങ്ങളുടെയും 3 കിലോമീറ്റർ ദൂരപരിധിയിൽ ഇവ പറത്തുന്നതിനാണ് നിരോധനം. ഇന്ന് രാത്രി 10 വരെ ഉത്തരവ് നിലനിൽക്കും. ലംഘനമുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു. 

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
പത്തനംതിട്ട ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടൂർ ഭാഗത്തുനിന്ന് ഓമല്ലൂർ വഴി പത്തനംതിട്ടയ്ക്കു പോകുന്ന വാഹനങ്ങൾ സന്തോഷ്‌ ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റോറിയം ജംക്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞു പുന്നലത്തുപടി, സെന്റ് പീറ്റേഴ്സ് വഴി ടൗണിൽ പ്രവേശിക്കണം.പത്തനംതിട്ട നിന്ന് അടൂരേക്കു പോകുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം, മേലേ വെട്ടിപ്രം ജം‌ക്‌ഷനുകൾ കടന്ന് സെന്റ് പീറ്റേഴ്സ് എത്തി സ്റ്റേഡിയം ജംക്‌ഷനിലൂടെ പോകണം. പൂങ്കാവ് ഭാഗത്തേക്കുള്ള, ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ, മല്ലശേരി ജംക്‌ഷനിലൂടെ പോകണം. 

ഏഴംകുളം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ വാഴമുട്ടം ജംക്‌ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂർ വഴി സന്തോഷ്‌ ജംക്‌ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റോറിയം ജംക്‌ഷനിൽ വലത്തേക്കു കടന്ന് പുന്നലത്തുപടി, സെന്റ് പീറ്റേഴ്സ് വഴി ടൗണിലേക്ക് പോകണം. കോഴഞ്ചേരി ഭാഗത്തുനിന്നു പത്തനംതിട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ്, സെൻട്രൽ ജംക്‌ഷൻ വഴി പോകണം. ഇന്നലെ രാത്രി നിലവിൽവന്ന നിയന്ത്രണം ഇന്ന് വൈകിട്ട് 4 വരെ തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com