കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി ജില്ലയെ മാറ്റും: ഐസക്
Mail This Article
പത്തനംതിട്ട ∙ കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് പറഞ്ഞു. നഗരത്തിൽ പൗര പ്രമുഖരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തു പഠിക്കുന്നവരുടെ സേവനംകൂടി ഇവിടെ വിദ്യാഭ്യാസ മേഖലയിൽ ലഭ്യമാക്കണം. കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് പുതിയ ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണം. കേരളത്തിൽ പഠിച്ചാൽ ലോകത്തിലെ തന്നെ വിദഗ്ധൻമാരുടെ പിന്തുണ കിട്ടും എന്ന് കണ്ടാൽ കുട്ടികൾ ഇവിടെത്തന്നെ പഠിക്കും.
രാജ്യാന്തര മാർക്കറ്റിൽ റബറിന് വില കൂടുമ്പോൾ കേരളത്തിൽ കൂടാറില്ല എന്നാൽ കുറയുമ്പോൾ കുറയുകയും ചെയ്യാറുണ്ട്. റബർ കയറ്റുമതിയും ഉൽപാദനക്ഷമതയും കൂട്ടണമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. മണിയാർ ഡാമിൽനിന്നു വെള്ളം എത്തിച്ച് ശുദ്ധജല ക്ഷാമം പരിഹരിക്കാൻ തയാറാക്കിയ പദ്ധതി പൂർത്തിയാക്കും. നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, മന്ത്രി വീണാ ജോർജ്, എ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.