ട്രാക്കോ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണം: ആന്റോ ആന്റണി
Mail This Article
തിരുവല്ല∙ ആറു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകാതെ പ്രവർത്തിക്കുന്ന തിരുവല്ല ട്രാക്കോ കേബിൾ കമ്പനി, സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ജില്ലയിലെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ആന്റോ ആന്റണി എംപി. ‘പട്ടിണിയിലായ തൊഴിലാളികളും തൊഴിലിടവും’ ജനകീയ ചർച്ചയ്ക്ക് തിരുവല്ല ട്രാക്കോ കേബിൾസ് അങ്കണത്തിൽ നേതൃത്വം നൽകുകയായിരുന്നു ആന്റോ ആന്റണി.
ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനിയെ ജീവനക്കാർക്ക് ശമ്പളം പോലും നൽകാതെ കഷ്ടപ്പെടുത്തി സ്വകാര്യ കുത്തക കമ്പനികൾക്ക് മറിച്ച് നൽകാൻ ശ്രമിക്കുന്ന ഭരണകൂടം, ആസ്തികൾ മറിച്ചുവിറ്റ് കോഴ കൈപ്പറ്റാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. തിരുവല്ല കമ്പനിയിൽ 170 ജീവനക്കാർ ജോലി ചെയ്തിരുന്നു. പത്തിലൊന്നു മാത്രമേ ഇന്ന് ഉൽപാദനവും ശമ്പളവും മുടങ്ങിയ കമ്പനിയിൽ എത്തുന്നുള്ളൂ. തൊഴിലാളികൾ സമരങ്ങൾ നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നു പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ശ്രമവും ഉണ്ടായിട്ടില്ല.
കന്റീൻ കൂടി അടച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനു പോലും നിർവാഹമില്ല. പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് മരുന്നിനും, കുട്ടികളുടെ പഠനാവശ്യത്തിനുള്ള ശമ്പളം കിട്ടാതിരിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ കണ്ണീരോടെ ആന്റോ ആന്റണി എംപിയോട് വിശദീകരിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ട്രാക്കോ കേബിൾ എംപ്ലോയീസ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, എസ്ടിയു കൺവീനർ ഷാഫി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, നഗരസഭാധ്യക്ഷ അനു ജോർജ്, കൗൺസിലർ സജി എം.മാത്യു, ഐഎൻടിയുസി ജനറൽ സെക്രട്ടറി ജിജി മൈക്കിൾ, രാജേഷ് മലയിൽ, കൊച്ചുമോൻ, സാം എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.