അടിക്കാടുകൾക്കു തീപിടിക്കുന്നു; വിശ്രമമില്ലാതെ അഗ്നിരക്ഷാസേന
Mail This Article
റാന്നി ∙ ചൂട് കൂടിയതോടെ അഗ്നി രക്ഷാസേനയ്ക്കു വിശ്രമമില്ല. അടിക്കാടുകൾക്ക് തീ പിടിക്കുന്നത് അണയ്ക്കാനുള്ള നെട്ടോട്ടത്തിലാണവർ. ദിവസം ആറും ഏഴും സ്ഥലങ്ങളിൽ വരെ തീ പടരുന്നുണ്ട്. റബർ തോട്ടങ്ങൾ, തരിശായി കിടക്കുന്ന പ്രദേശങ്ങൾ, പാറക്കൂട്ടങ്ങൾ എന്നിവിടങ്ങളിലാണ് തീ പടരുന്നത്. പച്ചപ്പടർപ്പുകൾ പോലും വേഗം കത്തിയമരുന്നതിനാൽ വീടുകൾക്കും മറ്റു നിർമിതികൾക്കും തീ ഭീഷണിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അടിച്ചിപ്പുഴ ഭാഗത്ത് തീ പടർന്നിരുന്നു. അതു നിയന്ത്രണ വിധേയമാക്കാൻ റാന്നിയിൽ നിന്നുള്ള അഗ്നി രക്ഷാസേന പോയ സമയത്താണ് വെച്ചൂച്ചിറ കുന്നം വിശ്വബ്രാഹ്മണ കോളജിനു സമീപം ഉഴുന്നേലിമലയിൽ തീ പടർന്നത്.
പിന്നീട് പത്തനംതിട്ട നിന്നെത്തിയ അഗ്നി രക്ഷാ യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. മന്ദമരുതി–വെച്ചൂച്ചിറ റോഡിൽ കുന്നത്തിനും വെച്ചൂച്ചിറയ്ക്കും മധ്യേ മാലിന്യം തള്ളുന്നുണ്ട്. ഇത്തരത്തിൽ തള്ളിയ മാലിന്യത്തിനു സാമൂഹിക വിരുദ്ധർ തീയിട്ടപ്പോഴാണ് പടർന്നതെന്നു കരുതുന്നു. വിശ്വബ്രാഹ്മണ കോളജിനു ചുറ്റും മലയോളം ഉയരത്തിൽ പുല്ല് ഉണങ്ങി നിൽക്കുകയാണ്. ഇതിനു തീ വീണാൽ മണിക്കൂറുകൾ ശ്രമപ്പെട്ടാലും അണയ്ക്കാനാകില്ല.