കടുത്ത ചൂട്: കുടിക്കാൻപോലും വെള്ളമില്ല, ജലപദ്ധതികളുമില്ല
Mail This Article
ഇടമുറി ∙ കടുത്ത ചൂടിൽ കിണറുകൾ വറ്റുന്നു. ജനങ്ങളുടെ ദാഹമകറ്റാൻ ജല വിതരണ പദ്ധതികളുമില്ല. ശുദ്ധജലത്തിനു നെട്ടോട്ടമോടുകയാണ് ഇടമുറി, വലിയപതാൽ, പൊന്നമ്പാറ, പഞ്ചാരമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ. നാറാണംമൂഴി പഞ്ചായത്തിലും ചേത്തയ്ക്കൽ, അത്തിക്കയം എന്നീ വില്ലേജുകളിലും ഉൾപ്പെട്ട പ്രദേശങ്ങളാണിവ. ചേത്തയ്ക്കൽ വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങൾ വെച്ചൂച്ചിറ ജല വിതരണ പദ്ധതിയിലാണ്. പദ്ധതിയിൽ നിന്ന് ഇടമൺ–ഇടമുറി റോഡിലും കൂത്താട്ടുകുളം–വലിയപതാൽ റോഡിലും പൈപ്പുകളിട്ടിരുന്നു.
ഇടമൺ–ഇടമുറി റോഡിൽ സ്ഥാപിച്ച പൈപ്പിൽ തുള്ളി വെള്ളം ഇതുവരെ കിട്ടിയിട്ടില്ല. വലിയപതാൽ റോഡിലെ പൈപ്പുകൾ റോഡ് പണിക്കിടെ തകർന്നതാണ്. അത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇടമുറി–ബംഗ്ലാവുപടി റോഡിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടേയില്ല.പെരുനാട്–അത്തിക്കയം ജല വിതരണ പദ്ധതിയിൽ അത്തിക്കയം വില്ലേജും ഉൾപ്പെട്ടിട്ടുണ്ട്. പൊന്നമ്പാറയ്ക്കു സമീപം പഞ്ചാരമുക്കിൽ പദ്ധതിക്കായി സംഭരണിയും നിർമിച്ചിട്ടുണ്ട്.
പഞ്ചാരമുക്കിൽ നിന്ന് പൊന്നമ്പാറ, ഇടമുറി അമ്പലംപടി വഴി പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി കമ്മിഷൻ ചെയ്യാത്തതിനാൽ തുള്ളി വെള്ളം ഇവിടെയും കിട്ടുന്നില്ല.വേനൽക്കാലത്തെങ്കിലും പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നു കരുതിയ ജനങ്ങൾക്കു നിരാശയാണു ഫലം. വെച്ചൂച്ചിറ പദ്ധതിയിൽ നിന്ന് വെള്ളമെത്തിച്ചും പെരുനാട്–അത്തിക്കയം പദ്ധതി കമ്മിഷൻ ചെയ്തും ജലക്ഷാമം പരിഹരിക്കുകയാണു വേണ്ടത്.