പ്രഥമ പരിഗണന തൊഴിലുറപ്പ് പദ്ധതിക്ക്: ആന്റോ ആന്റണി
Mail This Article
പത്തനംതിട്ട∙ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പ്രഥമ പരിഗണന തൊഴിലുറപ്പ് പദ്ധതിക്ക് നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. ഇത് കോൺഗ്രസ് നടപ്പാക്കിയ പദ്ധതിയാണ്. രാഷ്ട്രപിതാവിന്റെ പേരുള്ള പദ്ധതി ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഓർമയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സങ്കടവും പ്രശ്നങ്ങളും പങ്കുവച്ച് വീട്ടമ്മമാർ പരിപാടിയിൽ ഒത്തുകൂടി. പന്തളം തുമ്പമൺ തെക്കേ വീട്ടിൽ തറവാട്ടു മുറ്റത്തായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുമായി ആന്റോ ആന്റണിയുടെ കൂടിക്കാഴ്ച.
തൊഴിലുറപ്പ് കൂലി അഞ്ചു മാസമായി കുടിശികയാണെന്ന് വനിതകൾ പറഞ്ഞു. പണിക്ക് പോയാൽ ദിവസം മൂന്നു നേരം ഫോട്ടോ എടുത്ത് അയയ്ക്കണം. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലമാണെങ്കിൽ കിലോമീറ്ററുകൾ നടക്കണം. ഏറെയും പ്രായമായവരാണ് ഇപ്പോൾ തൊഴിലുറപ്പ് പണിക്കു വരുന്നതെന്നും മേറ്റ് സൂസമ്മ പറഞ്ഞു. അളവെടുക്കുന്നതിലെ അപാകതമൂലം കൂലി വളരെ കുറയുന്നുവെന്ന് മറ്റൊരു മേറ്റായ സുനിതാ രവിയുടെ പരാതി. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സക്കറിയ വർഗീസ്, ഹരി കുമാർ പൂതങ്കര, തോട്ടുവാ മുരളി, സുരേഷ് കുഴുവേലിൽ, എം.ജി.കണ്ണൻ, രാജു സക്കറിയ,എ.എം.രാജൻ, ടി.എ.രാജേഷ് കുമാർ, റോണി സക്കറിയ, എം.ജെ.രഞ്ജു പ്രസംഗിച്ചു.