ജലദിനത്തിലും മലിനജലം നിറഞ്ഞ് വലിയതോട്
Mail This Article
ഇട്ടിയപ്പാറ ∙ മലിനമായി കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ എന്നിവ ശുചീകരിക്കണമെന്ന് സർക്കാർ തുടരെ ഉത്തരവുകളും സർക്കുലറുകളും ഇറക്കുമ്പോഴാണ് ജനങ്ങൾക്ക് വെള്ളത്തിൽ ചവിട്ടാൻ പറ്റാത്ത വിധം വലിയതോട് മലിനമായി കിടക്കുന്നത്. ബണ്ടുപാലം മുതൽ റാന്നി പള്ളിയോടക്കടവ് വരെയാണ് തോട്ടിൽ മാലിന്യവും മലിനജലവും നിറഞ്ഞിരിക്കുന്നത്. സമീപവാസികളായ ഒട്ടേറെ കുടുംബങ്ങൾ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ചെറുവാഴക്കുന്നു തടം ജനകീയ ജല വിതരണ പദ്ധതിക്കായി വെള്ളം ശേഖരിക്കുന്നതും വലിയതോട്ടിൽ നിന്നാണ്. പുള്ളോലി പാലത്തിനു സമീപമാണ് പദ്ധതിയുടെ കിണറും പമ്പ് ഹൗസും.
കിണറ്റിലെ വെള്ളത്തിന്റെ അളവു കുറയാതിരിക്കാൻ തോട്ടിൽ തടയണ പണിതിട്ടുണ്ട്. തോട്ടിൽ മാലിന്യം തുടരെ നിറയുന്നത് വെള്ളം ഉപയോഗിക്കുന്നവരെ പ്രതികൂലമായി ബാധിക്കും. വഴിയോര കച്ചവടക്കാർ അടക്കമുള്ളവർ തോട്ടിലേക്കു മാലിന്യം തള്ളുന്നു. ഇട്ടിയപ്പാറ, കാവുങ്കൽപടി എന്നീ ബൈപാസുകളിലും മാമുക്കിലും നിർമിച്ചിട്ടുള്ള പാലത്തിൽ നിന്നു നോക്കിയാൽ ഇതു വ്യക്തമായി കാണാം. കാവുങ്കൽപടിയിലെ തോട്ടിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. ചീഞ്ഞു നാറുകയാണ് വെള്ളം. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കൈതോട്ടിലൂടെ ഒഴുകിയെത്തിയ മാലിന്യവും മലിനജലവുമാണ് കാവുങ്കൽപടി പാലത്തോടു ചേർന്നു കെട്ടിക്കിടക്കുന്നത്.
മാമുക്ക് പാലത്തിന്റെ ഇരുവശത്തും കച്ചവടക്കാർ മാലിന്യം തള്ളിയിരിക്കുന്നതു കാണാം. സ്ഥാപനങ്ങളിലും കടകളിലും നിന്ന് പഴവങ്ങാടി, അങ്ങാടി എന്നീ പഞ്ചായത്തുകളിലെ ഹരിത കർമ സേനാംഗങ്ങൾ മാലിന്യം സംഭരിക്കാനുള്ളപ്പോഴാണ് തോട്ടിലേക്കു കച്ചവടക്കാർ അവ വലിച്ചെറിയുന്നത്. വലിയതോട്ടിലെ മാലിന്യം നീക്കി ആഴം കൂട്ടുന്നതിനു ചെറുകിട ജലസേചന വിഭാഗം കരാർ ക്ഷണിച്ചെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല.