ജലക്ഷാമം: വനത്തിനുള്ളിൽ കുളം നിർമാണം; കാടിന്റെ ദാഹം മാറിയാൽ ആശ്വാസം നാടിനും
Mail This Article
സീതത്തോട് ∙ വേനൽചൂടിൽ വെള്ളം തേടി അലയുന്ന വന്യ മൃഗങ്ങൾക്ക് ആശ്വാസമായി കാടുകളിൽ വനം വകുപ്പ് കുളങ്ങൾ ഒരുക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ. മൃഗങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം വെള്ളത്തിനായി കാടു വിട്ട് നാട്ടിലേക്കുള്ള യാത്ര തടയുകയാണ് കുളങ്ങൾ നിർമിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. കൊടുമുടി, പടയണിപ്പാറ, മൺപിലാവ്, അരീക്കക്കാവ്, കട്ടച്ചിറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മൂന്ന് കുളങ്ങളും രണ്ട് തടയണകളും ഒരുക്കുന്നത്.
തടയണകൾ മുൻപ് ഉണ്ടായിരുന്നവയാണ്. മണ്ണ് മൂടിയ അവസ്ഥയിലായിരുന്നു. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്തു ആഴം കൂട്ടി. ഒന്നര മീറ്ററോളം താഴ്ച വരും. കുളത്തിന്റെയും തടയണകളുടേയും ഒരു വശം ചരിച്ച് നിർമിച്ചതിനാൽ മൃഗങ്ങൾക്കു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇതിനുള്ളിലേക്കു ഇറങ്ങാനാകും. കൊടുമുടിയിൽ വനം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പുതിയ കുളം കുഴിച്ചത്. വേനൽ ശക്തമായതിനാൽ ഉൾവനത്തിലെ മിക്ക നീർച്ചാലുകളും വറ്റി വരണ്ട അവസ്ഥയിലാണ്.