ചിതറിയോടിയ ചിലർ കുഴിയിലേക്കു ചാടി; ആന ഓടിപ്പോയത് മജീഷ് ചാടിയ കുഴിയിലൂടെ..
Mail This Article
വടശേരിക്കര ∙ ആക്രമണത്തിനു മുതിർന്ന കാട്ടാനയെ വനപാലകർ തുരത്തി കാടു കയറ്റിയെങ്കിലും മലയോരവാസികളുടെ ആശങ്ക ഒഴിയുന്നില്ല. മദപ്പാടിന്റെ ലക്ഷണം പ്രകടമാക്കുന്ന ആന വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമം കാട്ടുമോയെന്നാണ് ജനങ്ങളുടെ ഭീതി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബൗണ്ടറി എംആർഎസ് സ്കൂളിനും ചെമ്പരത്തിമൂടിനും മധ്യേ റോഡിൽ നിന്ന പത്തോളം പേരെയാണ് ഒറ്റയാൻ ഓടിച്ചത്. ചിതറിയോടിയ ചിലർ കുഴിയിലേക്കു ചാടിയാണ് രക്ഷപ്പെട്ടത്. ചെമ്പരത്തിമൂട്ടിൽ മജീഷ് ചാടിയ കുഴിയിലൂടെയാണ് ആന ഓടിപ്പോയത്. ചാടി വീണ് മജീഷിനും പനച്ചിക്കൽ രതീഷിനും പരുക്കേറ്റിരുന്നു. നട്ടെല്ലിനു പൊട്ടലേറ്റ മജീഷ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 30 ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. രതീഷ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങി.
സംഭവം അറിഞ്ഞെത്തിയ വനപാലകർ ബഹളം വച്ചതോടെയാണ് ആന വനാതിർത്തിയിലേക്കു നീങ്ങിയത്. ചിറക്കൽ വാഴക്കുന്നത്ത് സജിയുടെ പുരയിടത്തിലെത്തി നിൽക്കുകയായിരുന്നു ആന. പിന്നീട് കൂടുതൽ വനപാലകരെത്തി. അവരെല്ലാം ചേർന്നാണ് ആനയെ കാടു കയറ്റിയത്. ആനയുടെ നെറ്റിയിൽ കൂടി മദനീര് ഒഴുകുന്നുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒളികല്ല് മുതൽ ബൗണ്ടറി വരെയുള്ള ജനവാസ മേഖലയിൽ ഒറ്റയാൻ വിഹരിക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ദിവസങ്ങളായി കാർഷിക വിളകൾ നശിപ്പിച്ചു മടങ്ങുകയാണ്. വെള്ളിയും ശനിയും രാത്രിയെത്തിയ ആന ബൗണ്ടറി വലിയത്തറയിൽ ജോൺ വി.ചെറിയാന്റെ മുന്നൂറു മൂടോളം വാഴയാണ് നശിപ്പിച്ചത്. അവയിലധികവും കുലച്ച വാഴകളായിരുന്നു. ജോണിന്റെ കൃഷിയിടത്തിൽ എത്താനുള്ള യാത്രയ്ക്കിടെയാണ് ആന റോഡിൽ നിന്നവർക്കു നേരെ തിരിഞ്ഞത്.
ഒറ്റയാൻ മാത്രമല്ല കൂട്ടവുമെത്തുന്നുണ്ടെന്ന് വനാതിർത്തിയിൽ താമസിക്കുന്നവർ പറയുന്നു. കഴിഞ്ഞ ദിവസമെത്തിയ 4 ആനകളിൽ രണ്ടെണ്ണം മടങ്ങുന്നത് കണ്ടിരുന്നെന്ന് അവർ പറഞ്ഞു. കല്ലാറ് കടന്ന് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കു കടക്കുന്നുണ്ട്. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങൾ ഇവിടുണ്ട്. അതിനുള്ളിൽ കടന്നാൽ ആനയെ പുറമേ കാണാനാകില്ല. വനാതിർത്തിയിൽ കിടങ്ങുകൾ കുഴിച്ചാൽ മാത്രമേ ഇതിനു ശാശ്വത പരിഹാരമാകൂ.