അന്ന് അയിരൂർ ഗ്രാമത്തേയും പൊലീസ് സേനയെയും ഒരുപോലെ നടുക്കിയ ദുരന്തം; സംഭവം ഇങ്ങനെ..
Mail This Article
കോഴഞ്ചേരി ∙ അയിരൂർ എന്ന ഗ്രാമത്തേയും പൊലീസ് സേനയെയും ഒരുപോലെ നടുക്കിയ ദുരന്ത സംഭവം നടന്നിട്ട് ഇന്ന് 60 ആണ്ട് തികയുന്നു. ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും മുൻപേ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന യുവ പൊലീസ് ഓഫിസർ കെ.മാമ്മൻ കുര്യന്റെ (26) സ്മരണയും ബലിയും അങ്ങിനെ പെട്ടെന്ന് മറന്നുകളയുവാനുള്ളതല്ല.
1964 മാർച്ച് 31നാണ് സംഭവം. ഇന്ന് കോയിപ്രം സ്റ്റേഷൻ പരിധിയിലുള്ള അയിരൂർ ഗ്രാമം അന്ന് ആറന്മുള സ്റ്റേഷൻ പരിധിയിലായിരുന്നു. തിരുവനന്തപുരം പട്ടം പ്ലാമൂട് കരുമാത്തൂരിൽ കെ.കെ.മാമ്മന്റെയും സാറാമ്മയുടെയും മകനായ കെ.മാമ്മൻ കുര്യൻ എസ്ഐയായി ജോലി ലഭിച്ച് ആദ്യത്തെ നിയമനം ആറന്മുളയിലായിരുന്നു.സ്‌ഥാനക്കയറ്റത്തിനു പുറമേ നേരിട്ട് എസ്‌ഐമാരെ നിയമിക്കുന്ന രീതി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ആദ്യബാച്ചിലെ അംഗം.അവിവാഹിതൻ. ജോലി തുടങ്ങി 6 മാസം തികയുന്ന ദിവസമാണ് സംഭവം നടന്നത്.
അയിരൂർ വാളംപടി സ്വദേശിനി തന്റെ സഹോദരൻ വേലായുധനെതിരെ ഒരു പരാതിയുമായി സ്റ്റേഷനിൽ എത്തി. വസ്‌തു തർക്കത്തിന്റെ പേരിൽ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചെന്നായിരുന്നു പരാതി. അന്വേഷിക്കാൻ മാമ്മൻ കുര്യൻ 2 പൊലീസുകാരോടൊപ്പം വേലായുധന്റെ വീട്ടിലെത്തി. പൊലീസിനെ കണ്ടു വീട്ടിലേക്കു കയറിയ ഇയാളെ പിടികൂടാൻ എസ്‌ഐയും കയറി.
ഈ സമയം വേലായുധൻ റബർ പാൽ സംസ്‌കരണത്തിനുള്ള ആസിഡ് എസ്‌ഐയ്‌ക്കു മുഖത്തിനു നേരേ ഒഴിച്ചു. കണ്ണു കാണാതായ എസ്‌ഐയെ വേലായുധൻ കത്തികൊണ്ടു കുത്തി. കഠാര ഒടിഞ്ഞ് വയറിന്റെ ഭാഗത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം ഇയാളുടെ 2 മക്കൾ കൂടെ വന്ന പൊലീസുകാരെ കല്ലെറിഞ്ഞു. പൊലീസുകാർ റോഡിൽ വീണു. ഇതുകണ്ടാണ് നാട്ടുകാർ കൂടിയത്.
അപ്പോഴേക്കും വേലായുധൻ സഹോദരിയുടെ വീടിനു തീയിട്ടു. തുടർന്ന് മാമ്മൻ കുര്യന്റെ മൃതദേഹം കത്തുന്ന വീട്ടിലേക്ക് എടുത്തെറിയാൻ ശ്രമം നടത്തുന്നതിനിടെ നാട്ടുകാർ ഓടിക്കൂടി. അവർക്കെതിരെയും വേലായുധനും മക്കളും തിരിഞ്ഞെങ്കിലും ഒടുവിൽ ഓടി രക്ഷപ്പെടേണ്ടി വന്നു. പിന്നീട് കരിമ്പിൻ തോട്ടത്തിൽ ഒളിച്ച വേലായുധൻ നാട്ടുകാരുടെ കല്ലേറിൽ കൊല്ലപ്പെട്ടു. മരണപ്പെട്ട വേലായുധൻ മറ്റൊരു കേസിൽ 15 മാസത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി അധികം കഴിയും മുൻപാണ് ഈ സംഭവം. ഇയാളുടെ ഭാര്യയും ജയിലിലായിരുന്നു.
കേസിൽ വേലായുധന്റെ ആൺമക്കൾ അടക്കം 4 പേരെ അറസ്‌റ്റു ചെയ്‌തു. കൊല്ലം കോടതിയിൽ നടന്ന വിചാരണയിൽ ഒന്നാം പ്രതിയെ തൂക്കികൊല്ലുന്നതിനും മറ്റൊരാളെ ജീവപര്യന്തം തടവിനും വിധിച്ചു. പിന്നീട് അപ്പീൽ നൽകിയാണ് രണ്ടു പേർക്കും ജീവപര്യന്ത്യം ശിക്ഷയായി മാറിയത്.
മാമ്മൻ കുര്യന്റെ സഹോദരി മേരിയുടെ ഭർത്താവ് അഡ്വ. വി.പാപ്പി പത്തനംതിട്ട വെട്ടിപ്രം അഡേനേത്ത് വീട്ടിലായിരുന്നു താമസം. അഭിഭാഷകനായിരുന്നതു കൊണ്ടു മാമ്മൻ കുര്യനുമായി പലപ്പോഴും തങ്ങൾ കേസുകളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെന്ന് ഇദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. സംഭവത്തിന്റെ തലേദിവസം പോലും തങ്ങൾ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിറ്റേ ദിവസം ഏപ്രിൽ ഒന്ന് ആയിരുന്നതിനാൽ സംഭവം വിശ്വസിക്കാൻ അന്നു പലരും തയാറായിരുന്നില്ല. പൊലീസുകാർ ആദ്യ കാലങ്ങളിലെല്ലാം അനുസ്‌മരണവും മറ്റും നടത്തിയിരുന്നെങ്കിലും പിന്നീട് അതെല്ലാം നിന്നു പോയതായും അദ്ദേഹം അന്നു പറഞ്ഞിരുന്നു.