കടലാസില്ല, ഇവിടെ കംപ്യൂട്ടർ മാത്രം! കോഴഞ്ചേരി ഹോമിയോ ഡിസ്പെൻസറി സമ്പൂർണഡിജിറ്റൽ
Mail This Article
കോഴഞ്ചേരി ∙ എല്ലാ വിവരങ്ങളും വിരൽത്തുമ്പിലൊരുക്കി കടലാസുരഹിതമായി സർക്കാർ ഹോമിയോ ഡിസ്പെൻസറി. ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് (എഎച്ച്ഐഎംഎസ്) ഇവിടെ കപ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയത്. ഇവിടെയെത്തുന്ന രോഗികളുടെ രേഖപ്പെടുത്തിയ വിവരങ്ങൾ അവർ സംസ്ഥാനത്തെ ഏതു സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ പോയാലും ലഭ്യമാകും. ദേശീയ ഗുണനിലവാര അംഗീകാരം മൂന്നുമാസം മുൻപാണു ഡിസ്പെൻസറിക്കു ലഭിച്ചത്.
ഒപിയിലെത്തുന്ന രോഗികളുടെ റജിസ്ട്രേഷൻ, കൺസൽറ്റേഷൻ, മരുന്നു വിതരണം, ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും വിവരങ്ങൾ, ഫാർമസിയിലെ മരുന്നുകളുടെ വിവരം, അക്കൗണ്ട്സ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വിവരങ്ങൾ എന്നിവയെല്ലാം ഇനി കംപ്യൂട്ടറിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ ജില്ലയിലെ 10 സർക്കാർ ഹോമിയോ ആശുപത്രികളിൽ കപ്യൂട്ടർവത്കരണം നടപ്പാക്കുന്ന പദ്ധതിയിൽ ളൾപ്പെടുത്തിയാണു കോഴഞ്ചേരിയിലെ ഡിസ്പെൻസറിയിലും നടപ്പാക്കിയത്. ഒപി കൗണ്ടറിലെത്തുന്ന രോഗി പറയുന്ന വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. പിന്നീട് ഡോക്ടർ പരിശോധനാ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി നൽകേണ്ട മരുന്നുകളുടെ വിവരവും കംപ്യൂട്ടറിലാക്കും. രോഗി ഫാർമസിയിൽ ചെല്ലുമ്പോൾ കംപ്യൂട്ടർ നോക്കി മരുന്നു നൽകും. കുറിപ്പുകൾ പൂർണമായി ഒഴിവാക്കി.
വായനയിടം മുതൽ ഔഷധസസ്യ ഉദ്യാനംവരെ
തികച്ചും രോഗീസൗഹൃദമായാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. പരിശോധനയ്ക്കു ശീതികരിച്ച മുറി മുതൽ പുസ്തകങ്ങൾ നിറഞ്ഞ വായനാ ഇടം, കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം, രോഗികൾക്ക് ഇരിക്കാനും വിശ്രമിക്കാനും പ്രത്യേക മുറി, ഇരിക്കാൻ സുഖപ്രദമായ കസേരകൾ തുടങ്ങി ഔഷധസസ്യ ഉദ്യാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഡി. ബിജുകുമാർ ആശുപത്രിയിലെ കംപ്യൂട്ടർവത്കരണത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.പ്രീതി ഏലിയാമ്മ ജോൺ അധ്യക്ഷത വഹിച്ചു. എഎച്ച്ഐഎംഎസ് പരിശീലകൻ ഡോ.ജോവി ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകി.