'ചിതലരിച്ച്' ട്രഷറി; പിരിവെടുത്ത് അറ്റകുറ്റപ്പണി
Mail This Article
പന്തളം ∙ അസൗകര്യങ്ങളെറേയുള്ള സബ് ട്രഷറിയിലെ കൗണ്ടറുകൾ ചിതലരിച്ചു. ഓട് പാകിയ പഴയ കെട്ടിടത്തിലെ പ്രധാനഹാളിലെ കൗണ്ടറുകളാണ് ചിതലരിച്ചത്. പെൻഷൻ അടക്കം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ ഈ കൗണ്ടറിനു സമീപം നിന്നാണ് സേവനം തേടേണ്ടത്. തൊട്ടാൽ താഴെ വീഴുമെന്ന നിലയിലായി കൗണ്ടറുകൾ. കൗണ്ടറിന്റെ താഴെ ഒരു ഭാഗം പൂർണമായി ഇളകി മാറി. 1977ൽ നിർമിച്ച കെട്ടിടത്തിലെ മറ്റ് അസൗകര്യങ്ങൾക്കും പരിഹാരമായിട്ടില്ല.
∙ പിരിവെടുത്ത് അറ്റകുറ്റപ്പണി
കൗണ്ടറുകൾക്ക് കേടുപാട് വന്നു തുടങ്ങിയതോടെ അറ്റകുറ്റപ്പണിക്കായി അധികൃതർ ശ്രമം നടത്തി. നടപടി വൈകിയതോടെ ഉദ്യോഗസ്ഥർ തന്നെ വിഹിതമിട്ടു സ്വരൂപിച്ച 22,000 രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ വീണ്ടും ചിതലിന്റെ ശല്യം രൂക്ഷമായി. പതിവായി പുതിയ ഓഫിസ് എന്ന വാഗ്ദാനം സംസ്ഥാന ബജറ്റിൽ ഇടംപിടിക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണിക്ക് പോലും ഫണ്ട് ലഭിക്കാത്ത സ്ഥിതിയാണ്. നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഓഫിസിനാണ് ഈ ദുർഗതി. കൗണ്ടറുകളുടെ കേടുപാട് ശ്രദ്ധയിൽ പെട്ട മരാമത്ത് വകുപ്പ് അധികൃതർ പരിശോധന നടത്തി മടങ്ങി.
∙ വഴിയടച്ചു വാഹനങ്ങൾ
ട്രഷറിയിലെത്തുന്നവരുടെ പ്രധാന ബുദ്ധിമുട്ടുകളിൽ മറ്റൊന്നു ഇവിടേക്കുള്ള വഴിയിലെ വാഹനങ്ങളുടെ പാർക്കിങ്ങാണ്. ഇവിടെ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ നടന്നു പോകാൻ തന്നെ ബുദ്ധിമുട്ടാണ്. ഇതിനിടയിൽ വഴിയോരക്കച്ചവടവുമുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. തൊട്ടുചേർന്ന സ്വകാര്യ ബസ് സ്റ്റാൻഡിന്റെ സ്ഥലത്ത് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ഏരിയയുണ്ട്. എന്നാൽ, പാർക്കിങ് ഇപ്പോഴും ട്രഷറിക്ക് മുൻപിലാണ്.
മുൻപിലും പിന്നിലും ഭീഷണിയായി മരങ്ങൾ
വഴിയിലും പിൻഭാഗത്തുമായുള്ള 4 മരങ്ങൾ ഓഫിസിന് ഭീഷണിയായി മാറി. 100 വർഷത്തിലധികം പഴക്കമുള്ളവയാണ് ഇവ. ഈ സ്ഥിതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, നഗരസഭാ അധ്യക്ഷ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ ട്രഷറി ഓഫിസർ റെജി ഗീവർഗീസ് പരാതി നൽകി. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. പിൻഭാഗത്തെ മരങ്ങൾ കോമ്പൗണ്ടിനു പുറത്താണെങ്കിലും ഓഫിസിനു ഭീഷണിയാണ്. മരത്തിനോട് ചേർന്ന ചുറ്റുമതിലിൽ വിള്ളൽ രൂപപ്പെട്ടിട്ട് വർഷങ്ങളായി.