കടമ്മനിട്ട പടയണിക്കു ചൂട്ടുവച്ചു
Mail This Article
പത്തനംതിട്ട ∙ ഓലച്ചൂട്ടിൽ അഗ്നിപകർന്ന് കടമ്മനിട്ട പടയണിക്കു ചൂട്ടുവച്ചു. കരദേവതയ്ക്കു മുൻപിൽ ഇനിയും കോലങ്ങൾ നിറഞ്ഞാടും. ഭാവതീവ്രമായ രംഗങ്ങൾ കാണാനും രൗദ്ര സങ്കീർത്തനങ്ങൾ കേൾക്കാനും രാവിനെ പകലാക്കി ഗ്രാമം മുഴുവൻ കടമ്മനിട്ട ഭഗവതി ക്ഷേത്ര മുറ്റത്ത് കാത്തിരിക്കും.വിഷു ദിവസം രാത്രി ഏഴര നാഴിക ഇരുട്ടിയശേഷം ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ചൂട്ടുകറ്റയിലേക്ക് അഗ്നി പകർന്നു. പടയണി ആശാൻ കടമ്മനിട്ട പ്രസന്ന കുമാർ മേൽശാന്തിയിൽനിന്നു ചൂട്ടുകറ്റ ഏറ്റുവാങ്ങി കളത്തിൽവച്ചു.
പടയണി ആശാൻ രഘുകുമാർ പച്ചത്തപ്പ് കൊട്ടി ഭഗവതിയെ കളത്തിലേക്ക് വിളിച്ചിറക്കുന്ന ചടങ്ങ് നടത്തി. പാരമ്പര്യ അവകാശമുള്ള ഐക്കാട്ട് കുടുംബത്തിലെ കാരണവർ രാധാകൃഷ്ണക്കുറുപ്പ് തേങ്ങാ മുറിച്ച് അതിൽ തുളസിപ്പൂവും അക്ഷതവും ഇട്ടു. മേൽശാന്തി രാശി നോക്കി 10 നാൾ നീളുന്ന പടയണിയുടെ ഫലം പറഞ്ഞു. രണ്ടാം ദിവസമായ ഇന്നലെയും പച്ചത്തപ്പാണ് കൊട്ടിയത്. ഇന്നു മുതൽ കാച്ചിക്കൊട്ട്. തപ്പുമേളത്തിന്റെ താളത്തിനൊത്ത് കോലങ്ങൾ കളം നിറഞ്ഞാടും.