ADVERTISEMENT

കടമ്മനിട്ട ∙ കാച്ചി മുറുക്കിയ തപ്പിൽ നിന്നുയർന്ന രൗദ്രതാളത്തിൽ കൂട്ടക്കോലങ്ങൾ കളത്തിൽ നിറഞ്ഞാടി. നാടിന്റെ ദുഃഖവും ദുരിതവും മാറ്റണമെന്ന പ്രാർഥനയുമായി ഉറങ്ങാതെ ഗ്രാമവാസികൾ ക്ഷേത്രമുറ്റത്ത്. സന്ധ്യ കഴിഞ്ഞതോടെ മേളക്കാർ ആഴി കൂട്ടി അതിനു ചുറ്റും വട്ടമിരുന്നു തപ്പ് ചൂടാക്കി. പിന്നെ പാണത്തോൽ കൊണ്ട് തൂത്തു തണുപ്പിച്ചു. വീണ്ടും ചൂടാക്കി ക്രമാനുഗതമായി കാച്ചിയെടുത്തു. കാപ്പൊലിച്ചു ജീവയും വല്യഗണപതിയും നാലു ചെമ്പടയും കൊട്ടി. 

തപ്പുമേളം മുറുകിയതോടെ വല്യകാപ്പൊലിയായി. പിന്നീട് കത്തിയെരിയുന്ന ചൂട്ടുകറ്റയുടെ പ്രഭയിൽ മേളത്തിന്റെയും വായ്ക്കുരവയുടെയും ആർപ്പുവിളിയുടെയും അകമ്പടിയിൽ കോലങ്ങൾ ക്ഷേത്ര മുറ്റത്തേക്ക് എത്തി.വെളിച്ചപ്പാട് അലറി വിളിച്ച് കളത്തിൽ എത്തി അരുളപ്പാട്ടുകൾ നൽകി. താവടിയും പുലവൃത്തവും കഴിഞ്ഞാണ് കോലങ്ങൾ എത്തിയത്. ആദ്യം പിശാച് കോലം. 

പൈശാചിക ദോഷങ്ങളും ബാധകളും ഇല്ലാതാക്കാനാണു പിശാച് കോലം തുള്ളിയത്. വസൂരി പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും ഗ്രാമ ജനതയ്ക്ക് മുക്തി നൽകണമെന്ന അപേക്ഷയോടെയാണു മറുത കോലം തുള്ളി മറഞ്ഞത്.വലം കയ്യിൽ വാളും ഇടം കയ്യിൽ പന്തവും പാശവുമായാണു കാലൻ കോലം എത്തിയത്.

മരണ ഭീതി, അകാലമൃത്യു, ആത്മഹത്യാ പ്രേരണ എന്നിവ ഒഴിവാക്കി നാടിനെ രക്ഷിക്കാനും സന്താന ഭാഗ്യത്തിനുമായി മാർക്കണ്ഡേയ ചരിതം പാടി ആടിയാണ് കാലൻകോലം കളം ഒഴിഞ്ഞത്. പടയണിയിലെ ശക്തമായ വഴിപാട് കോലമാണു കാലൻ.ചടുലമായ ചുവടുകൾ കൊണ്ട് കാലൻ കോലം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കളത്തിൽ ഭൈരവിയും കാഞ്ഞിരമാലയും സുന്ദര യക്ഷിയും ചേർന്ന് നിരത്തി തുള്ളൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com