ഇതാ സ്ഥാനാർഥികൾ എത്തുന്നു, അവസാന ലാപ്പിൽ വോട്ട് തേടി
Mail This Article
പത്തനംതിട്ട ∙ വോട്ടെടുപ്പിന് ഇനി 3 ദിവസം മാത്രം. നാളെ പരസ്യ പ്രചാരണം അവസാനിക്കും. അവസാന ലാപ്പിൽ ഓരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികളും സ്ഥാനാർഥികളും. 25ന് വീടുകൾ കയറിയിറങ്ങി സ്ലിപ്പുകൾ നൽകിയുള്ള നിശബ്ദ പ്രചാരണം നടക്കും. 26നാണ് വോട്ടെടുപ്പ്. 24ന് റോഡ് ഷോ നടത്തി കലാശക്കൊട്ട് കൊഴുപ്പിക്കാനാണു യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ തീരുമാനം.
യുഡിഎഫ്
ആന്റോ ആന്റണിയുടെ വിജയത്തിനായി യുഡിഎഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടുംബയോഗങ്ങളിലാണ്. പരമാവധി കുടുംബയോഗങ്ങളിലും സംസ്ഥാന നേതാക്കളെ എത്തിക്കുന്ന തിരക്കാണ്. ബൂത്തുകളെ എ,ബി,സി എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം.
പ്രവർത്തകർ വോട്ടർമാരെ കാണാൻ വീടുകളിൽ എത്തുമ്പോൾ ചിഹ്നം പരിചയപ്പെടുത്താൻ കൂടുതൽ ശ്രദ്ധിക്കും. സ്ഥലത്തില്ലാത്ത വോട്ടർമാരുടെ ഫോൺ നമ്പർ ശേഖരിച്ച് അവരെ വിളിക്കുന്നുണ്ട്. ഒരു ബൂത്തിൽ 2 കുടുംബ യോഗങ്ങൾ വീതം ഉറപ്പാക്കുന്നുണ്ട്. ഇതിനു പുറമേ എൽഡിഎഫ്, എൻഡിഎ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാനും ശ്രമിക്കുന്നു. ഇന്നലെ കോഴഞ്ചേരി ബ്ലോക്ക് പര്യടനത്തിലായിരുന്നു സ്ഥാനാർഥി.
എൽഡിഎഫ്
സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിന്റെ 22 ദിവസം നീണ്ട സ്വീകരണ പര്യടനം ഇന്നലെ അവസാനിച്ചു. പൂഞ്ഞാർ മേഖലയിലായിരുന്നു ഇന്നലെ പര്യടനം. മണ്ഡലത്തിലെ വികസന സപ്ലിമെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുറത്തിറക്കി. ഇന്ന് വൈകിട്ട് എല്ലാ ബൂത്തുകളിലും യുവജന, മഹിളാ സംയുക്ത റാലി നടക്കും. കൊക്കാത്തോട്, കല്ലേലി എന്നിവിടങ്ങളിലെ റാലിയിൽ തോമസ് ഐസക് പങ്കെടുക്കും.
മന്ത്രിമാരെ പങ്കെടുപ്പിച്ച് കുടുംബ സംഗമങ്ങളും സജീവമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ ശക്തി മേഖലകളിൽ കൂടുതൽ പ്രചാരണം നടത്താനാണ് തീരുമാനം. നേതാക്കളുടെ പ്രസംഗത്തെക്കാൾ വോട്ടർമാർക്ക് പറയാനുള്ളത് കേൾക്കാനും സ്ഥാനാർഥി ലക്ഷ്യമിടുന്ന വിജ്ഞാന പത്തനംതിട്ടയുടെ സന്ദേശം എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
എൻഡിഎ
എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ പര്യടനം നാളെ പൂർത്തിയാകും. ദിവസവും രാവിലെയും ഉച്ചയ്ക്കും നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന സംഘടനാ ഭാരവാഹികളെ കണ്ടും വികസനകാര്യങ്ങൾ ചർച്ച ചെയ്തുമാണു പര്യടനം. അതിനിടെ പ്രധാന കോളനികൾ സന്ദർശിക്കുന്നതിനും സമുദായ നേതാക്കളെ കാണുന്നതിനും സമയം കണ്ടെത്തുന്നുണ്ട്. മറ്റു സ്ഥലങ്ങളിലുള്ള വോട്ടർമാരുടെ പങ്കാളിത്തം പോളിങ് ദിനത്തിൽ ഉറപ്പാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. ഇന്നലെ പള്ളിക്കത്തോട് മേഖലയിലായിരുന്നു പര്യടനം.