ADVERTISEMENT

കടമ്മനിട്ട ∙കാവിലെ ഭഗവതിക്കും കരയിലെ ഭക്തർക്കും സമസ്ത ജീവജാലങ്ങൾക്കും മംഗളം ഭവിക്കട്ടെ എന്ന പ്രാർഥനയുമായി നടന്ന പകൽ പടയണിയോടെ കടമ്മനിട്ട പടയണി സമാപിച്ചു. ഭഗവതി ക്ഷേത്രത്തിലെ കളം ഇന്നലെ ഉണർന്നത് പകൽ പടയണിയുടെ കൊട്ടും പാട്ടുമായി. 8 രാത്രികളിൽ തുള്ളി ഒഴിഞ്ഞ മാടൻ, മറുത, പക്ഷി, യക്ഷി, കാഞ്ഞിരമാല, ഭൈരവി തുടങ്ങിയ കോലങ്ങൾ ഇന്നലെ കളത്തിൽ എത്തിയില്ല. കാച്ചിക്കൊട്ടിയ തപ്പിന്റെ ശുദ്ധതാളമാണ് മുഴങ്ങിയത്. കരക്കാരുടെ വേദനകളും സങ്കടങ്ങളും തീർത്ത് എല്ലാ ദേവതകളും മടങ്ങി. ചൂട്ടുവച്ചു വിളിച്ചിറക്കിയ ഭഗവതി മാത്രമായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. ക്ഷേത്രമുറ്റത്തെ ആൽമര ചുവട്ടിൽ ആദ്യം വലിയ മേളം തുടങ്ങി. പിന്നെ തപ്പുമേളം, പുലവൃത്തം, പരദേശി എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പടയണി ആചാര്യന്മാരുടെ ഗുരുനാഥൻ കടമ്മനിട്ട വാസുദേവൻപിള്ള ഓഫിസിന്റെ വരാന്തയിൽ ചുവടുകൾ വീക്ഷിച്ച് താളം പിടിച്ചിരുന്നു. അവസാനം കളത്തിൽ തുള്ളിയത് പരദേശിയായിരുന്നു.

‘‘ നാരായണ ജയ നാരായണ ജയ....... ഈ ഭഗവതിക്കു നന്മ വരുത്തുക ഈ കൂടിയ ലോകർക്കു നന്മ വരുത്തുക നാരായണ ജയ..’’ എന്ന മന്ത്രം ചൊല്ലി പരദേശി കളം ഒഴിഞ്ഞതോടെ തട്ടിന്മേൽ കളിയായി. ആകുലതകൾ ഒഴിഞ്ഞ്, മൃത്യുഭയമകറ്റി സമസ്ത ജീവജാലങ്ങൾക്കും ഐശ്വര്യ സമ്പൂർണമായ ജീവിതം ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു.‘‘ പാദപങ്കജ പൊന്നമ്പലവാസാ ശരണം ശിവനെ നിൻപാദം കൈതൊഴുന്നേൻ സ്വാമി..’’ എന്നു പാടി പകൽ പടയണിയും അവസാനിച്ചു.

വൈകിട്ട് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത് തുടങ്ങി. ക്ഷേത്രം ചിറയിലേക്കും ഹൃഷികേശ ക്ഷേത്രത്തിലേക്കു പോയി മടങ്ങി എത്തിയ എഴുന്നള്ളത്തിനൊപ്പം താലപ്പൊലിയും വേലകളിയും പഞ്ചവാദ്യവും ചെണ്ടമേളവും കരകവും കാവടി എന്നിവയും ഉണ്ടായിരുന്നു. പിന്നീടുള്ള ചടങ്ങ് അർധരാത്രിയിലായിരുന്നു. എഴുന്നള്ളത്തും വിളക്കും കഴിഞ്ഞ് വടക്കേനടയിൽ ജീവ കൊട്ടി പടയണി ആശാൻ ഭഗവതിയെ ശ്രീകോവിലിലേക്കു യാത്രയാക്കി. നാളികേരം മുറിച്ച് രാശി നോക്കി കരപ്പുറത്തെ ഫലം പറഞ്ഞാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com