വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ച് സീൽ ചെയ്തു
Mail This Article
പത്തനംതിട്ട ∙ ലോക്സഭ മണ്ഡലത്തിലെ മുഴുവൻ വോട്ടിങ് യന്ത്രങ്ങളും വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോങ് റൂമിൽ എത്തിച്ചു സീൽ ചെയ്തു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിനു കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി, തിരുവല്ല, കോന്നി, അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ 7 നിയമസഭ മണ്ഡലങ്ങളിലെ 1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുമാണ് ഇവിടെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചത്. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങൾ അതാതു നിയമസഭ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചശേഷം രാത്രിയോടെയാണ് ചെന്നീർക്കര എത്തിച്ചത്.
അതിനുശേഷം സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വരണാധികാരിയായ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ഡപ്യൂട്ടി കലക്ടർ (തിരഞ്ഞെടുപ്പ് വിഭാഗം) സി. പത്മചന്ദ്രക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സീൽ ചെയ്തു. ഇവിടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആരെയും സ്കൂളിലക്കു കടക്കാൻ അനുവദിക്കില്ല.