ADVERTISEMENT

റാന്നി ∙ വേനൽ മഴ ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. ഉയർന്ന സ്ഥലങ്ങളിൽ ജലദൗർലഭ്യം രൂക്ഷമാകുന്നു. കടുത്ത ചൂടിൽ കിണറുകളും കുളങ്ങളും തോടുകളും വരണ്ടു കിടക്കുകയാണ്. താഴ്ന്നിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് തോടുകളിൽ ശേഷിക്കുന്നത്. ഉയർന്ന സ്ഥലങ്ങളിലെ കിണറുകളധികവും ജനുവരിയുടെ തുടക്കത്തിൽ തന്നെ വറ്റിയിരുന്നു. ദാഹജലം മാത്രമാണ് അവയിൽ നിന്ന് കോരിയെടുക്കാനാകുന്നത്.

ജല വിതരണ പദ്ധതികളെ ആശ്രയിച്ചാണ് അവർ ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നാൽ അവയും ഇപ്പോൾ പൂർണമായി ആശ്വാസമാകുന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വെള്ളം കിട്ടുന്നത്. വീടുകളിലെ ആവശ്യത്തിനു പൂർണമായി പ്രയോജനപ്പെടുത്താൻ ഇതു മതിയാകുന്നില്ല. വില കൊടുത്തു വെള്ളം വാങ്ങിയാണ് മിക്ക കുടുംബങ്ങളും ആവശ്യങ്ങൾ നിറവേറ്റുന്നത്. വേനൽ മഴ പെയ്യുമ്പോൾ വീടുകളിൽ വെള്ളം സംഭരിക്കുന്നുണ്ട്. പാത്രങ്ങളും വസ്ത്രങ്ങളും കഴുകാൻ ഇതാണ് ഉപയോഗിക്കുന്നത്.

എന്നാൽ വല്ലപ്പോഴും മാത്രം മഴ പെയ്യുന്നതിനാൽ ഇതും പ്രയോജനപ്പെടുത്താനാകുന്നില്ല. കുരുമ്പൻമൂഴി, കൊല്ലമുള, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട്, അടിച്ചിപ്പുഴ, വടശേരിക്കര, റാന്നി, ഐത്തല, അങ്ങാടി, പുതമൺ–നാരങ്ങാനം, അയിരൂർ–കാഞ്ഞീറ്റുകര എന്നീ ജല വിതരണ പദ്ധതികളെല്ലാം പമ്പാനദിയെ ആശ്രയിച്ചു പ്രവർത്തിക്കുന്നവയാണ്. കുരുമ്പൻമൂഴി ജല വിതരണ പദ്ധതിയുടെ കിണറ്റിലും പമ്പ് ഹൗസിനു ചുറ്റും ചെളിയും മണലും അടിഞ്ഞിരിക്കുകയാണ്. അവ വാരി നീക്കിയിട്ടില്ല.

ഇതുമൂലം കിണറ്റിൽ ആവശ്യത്തിനു വെള്ളമില്ല. പമ്പയാറ്റിൽ വെള്ളമില്ലാത്തതാണ് വെച്ചൂച്ചിറ ജല വിതരണ പദ്ധതിയെ ബാധിച്ചത്. ആഴ്ചയിൽ ഒരു ദിവസമാണ് പദ്ധതി മേഖലകളിൽ ജല വിതരണം. പലപ്പോഴും വിതരണം മുടങ്ങുന്നു. അലിമുക്ക് ബൂസ്റ്റർ സ്റ്റേഷനിൽ പണി നടക്കുന്നതിനാൽ അടിച്ചിപ്പുഴ ജല വിതരണ പദ്ധതിയിൽ നാളെ മുതൽ 3 ദിവസത്തേക്ക് ജല വിതരണം മുടങ്ങും.

കാക്കമല സംഭരണിയിൽ നിന്ന് വെള്ളം ലഭിക്കുന്നവർ ഇതോടെ ദുരിതത്തിലാകും. വടശേരിക്കര, പഴവങ്ങാടി പഞ്ചായത്തുകളിലെ ഭാഗികമായ മേഖലകളെയാണ് ഇതു ബാധിക്കുന്നത്. പമ്പനദിയിൽ തടയണ നിർ‌മിച്ചിട്ടുള്ളതിനാൽ വടശേരിക്കര പദ്ധതിക്ക് വെള്ളത്തിനു ക്ഷാമമില്ല. എന്നാൽ റാന്നി മേജർ പദ്ധതിക്ക് ആറ്റിൽ നിന്ന് നേരിട്ട് പൈപ്പിലൂടെ കിണറ്റിൽ വെള്ളമെത്തിക്കുകയാണ്. 2 പൈപ്പുകൾ കൂടി അടുത്തിടെയിട്ടിരുന്നു. എന്നിട്ടും വെള്ളത്തിന്റെ കുറവ് പൂർണമായി പരിഹരിക്കാനായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com