തണൽ നോക്കി തേക്കുമരങ്ങൾക്കു കീഴിൽപോയി നിൽക്കരുത്, പണികിട്ടും; കുടപിടിച്ചാൽ നല്ലത്
Mail This Article
റാന്നി ∙ വിലയിൽ കേമനെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങൾക്കു കീഴിലൂടെ യാത്ര നടത്താൻ പറ്റില്ല. വസ്ത്രങ്ങളിൽ മാത്രമല്ല തലയിലും തേക്കിലകളിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന പുഴുക്കൾ വില്ലന്മാരാകും. എല്ലാ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ തേക്ക് മരങ്ങളിൽ കാണുന്ന പ്രതിഭാസമാണിത്. ഇത്തവണ ചൂട് കൂടുതലായതിനാൽ പുഴുക്കൾ ഇലകളിൽ കാണപ്പെട്ടത് വൈകിയാണ്. ഇലകളിലെ പച്ചപ്പുകളെല്ലാം കാർന്നു തിന്നുകയാണ് പുഴുക്കൾ. തണ്ടുകൾക്ക് ക്ഷതം വരുത്താറില്ല. എന്നാൽ പച്ചപ്പ് നഷ്ടമാകുമ്പോൾ തണ്ടുകൾ പഴുക്കും.
പിന്നീട് ഇലകൾ പഴുത്തും ഉണങ്ങിയും കൊഴിഞ്ഞു തുടങ്ങും. സ്കെലറ്റനൈസർ എന്ന പുഴുക്കളാണ് തേക്കിലകളിൽ കാണുന്നത്. ഇലകളിലെ പച്ചപ്പുകൾ കാർന്നു തിന്ന് അവ വീർക്കും. പിന്നീട് ഇലകളിൽ തൂങ്ങിക്കിടക്കും. കാറ്റടിക്കുമ്പോൾ പുഴുക്കൾ കൊഴിയും. അവ ദേഹത്തു വീണാൽ ചൊറിയും. വസ്ത്രങ്ങളിലായാൽ പൊട്ടി ചെളി നിറയും. വീടുകൾക്കും റോഡുകൾക്കും സമീപം നട്ടിരിക്കുന്ന തേക്കുകളാണ് പ്രശ്നക്കാർ. അവയിൽ നിന്നുള്ള പുഴുക്കൾ വീടുകളുടെ മുറ്റങ്ങളിലും റോഡുകളിലുമാണ് വീഴുന്നത്. അവ നീക്കുകയെന്നത് വീട്ടുകാർക്കു പിടിപ്പതു പണിയാണ്.
ദുർഗന്ധം സഹിച്ചു വേണം നീക്കം ചെയ്യാൻ. കാക്കകളും മറ്റും പുഴുക്കൾ കൊത്തി തിന്നുന്നുണ്ട്. ശേഷിക്കുന്നവ പിന്നീട് മഞ്ഞ ചിത്രശലഭങ്ങളായി പറന്നു പോകുന്നതു കാണാം. സ്കെലറ്റനൈസർ പുഴുക്കൾ തേക്കിലകളെയാണ് കൂടുതലായി ആക്രമിക്കുന്നത്. തേക്കിലകളിലെ ഒരുതരം എണ്ണമയമാകാം അവയെ ആകർഷിക്കുന്നത്. പച്ചപ്പുകൾ നഷ്ടമായ തേക്ക് മരങ്ങൾ ഇപ്പോൾ പുരയിടങ്ങളിലെല്ലാം കാഴ്ചയാണ്.