ADVERTISEMENT

റാന്നി ∙ കടുത്ത ചൂട് വന്യജീവികളെയും ബാധിച്ചു. വേനലിൽ കാടിനുള്ളിലെ പച്ചപ്പുകൾ അധികവും അന്യമായി. ജലസ്രോതസ്സുകൾ വറ്റുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ഉൾവനത്തിലെ നീർച്ചാലുകൾ മിക്കയിടത്തും വറ്റി വരണ്ടു. കാട്ടാനയും കാട്ടുപോത്തും മ്ലാവും കേഴയും അടക്കമുള്ള മൃഗങ്ങൾ ഉൾവനത്തിൽ നിന്ന് വെള്ളം തേടി സീതത്തോട്, ആങ്ങമുഴി, കൊടുമുടി, ഗുരുനാഥൻമണ്ണ്, കോട്ടമൺ പാറ, തുലാപ്പള്ളി, ഊരാംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ജനവാസ മേഖലയിലേക്കു എത്തുന്നുണ്ട്. റാന്നി ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ മൃഗങ്ങൾ കിണറുകളിൽ വീണത് വെള്ളം തേടിയുള്ള യാത്രക്കിടയിൽ സംഭവിച്ചതാണെന്നാണു കർഷകർ പറയുന്നത്. 

കക്കി, ആനത്തോട്, ഗവി എന്നീ പ്രദേശങ്ങളിൽ വിശാലമായ കുളങ്ങൾ മിക്കവയും വറ്റി കിടക്കുകയാണ്. കിലോമീറ്ററുകൾ താണ്ടി മൃഗങ്ങൾ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണികളിൽ എത്തിയാണ് വെള്ളം കുടിക്കുന്നത്. തണ്ണിത്തോട് വനമേഖലയിൽ തടയണകൾ നിർമിച്ചും കുളങ്ങൾ വൃത്തിയാക്കിയും സ്വാഭാവിക ഉറവകളിലെയും ചതുപ്പ് പ്രദേശങ്ങളിലെയും തടസ്സങ്ങൾ നീക്കിയുമാണു വനത്തിനുള്ളിൽ‌ ജലലഭ്യത വനം വകുപ്പ് ഉറപ്പാക്കുന്നത്.  

വടശേരിക്കര റേഞ്ചിന്റെ പരിധിയിൽപെട്ട വനമേഖലകളിൽ ഒട്ടേറെ കുളങ്ങൾ കുഴിക്കുകയും മുൻപ് ഉണ്ടായിരുന്നവ ആഴം കൂട്ടി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കുളങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. കോന്നി വനം റേഞ്ചിൽ കുമ്മണ്ണൂർ, ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായി 5 കുളങ്ങളും 5 തടയണകളും നിർമിച്ചിട്ടുണ്ട്. അത്യാവശ്യം വേനൽ മഴ ലഭിച്ചതോടെ കുളങ്ങളിൽ വെള്ളമുണ്ട്.

ഞള്ളൂരിൽ പേരുവാലി, കുമ്മണ്ണൂരിൽ ആദിച്ചൻപാറ, കിളികുളം, കീരിയാട്ടുകുളം, ഇഞ്ചപ്പാറ എന്നീ കുളങ്ങളിൽ വെള്ളമുണ്ടെന്ന് വനപാലകർ പറയുന്നു. എന്നാൽ, വെള്ളമില്ലാത്ത കുളങ്ങളും ഉണ്ട്. ഇവിടങ്ങളിൽ വെള്ളമെത്തിക്കുന്നതു പ്രായോഗികമല്ലെന്നു പറയുന്നു. നടുവത്തുമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട്, കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിൽ 20 കുളങ്ങളാണുള്ളത്. ഇവയെല്ലാം അച്ചൻകോവിലാറിന്റെ തീരത്തായതിനാലും വേനൽ മഴ ലഭിച്ചതിനാലും വെള്ളത്തിനു പ്രശ്നമില്ല. 

വനത്തിലൂടെയുള്ള തോടുകളിൽ വെള്ളമെത്തിയെങ്കിൽ മാത്രമേ തടയണകൾ കൊണ്ട് പ്രയോജനമുള്ളൂ. റാന്നി വനം ഡിവിഷനിൽ മുൻപു തന്നെ കുളങ്ങളും തടയണകളും നിർമിച്ചിരുന്നു. അവയ്ക്കുള്ളിൽ അടിഞ്ഞിരുന്ന ചെളിയും കരിയിലകളും വനസംരക്ഷണ സമിതി വൃത്തിയാക്കിയിരുന്നു. കുളങ്ങൾക്കും തടയണകൾക്കും പ്രത്യേകം നമ്പറുകളും നൽ‌കിയിട്ടുണ്ട്. വേനൽ‌ കടുത്തപ്പോൾ‌ തന്നെ വനപാലകർ കുളങ്ങളിലും തടയണകളിലുമെത്തി പരിശോധന നടത്തിയിരുന്നു. ഇവ പൂർണമായി വറ്റിയിട്ടില്ല.

ഉയരുന്നു, താപക്കടൽ; ജാഗ്രതാ നിർദേശം
പത്തനംതിട്ട ∙ കലാ-കായിക മത്സരങ്ങൾ, പരിപാടികൾ എന്നിവ പകൽ 11 മുതൽ വൈകിട്ട് 3 വരെ നിർബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്‌സൻ കലക്ടർ എസ്.പ്രേം കൃഷ്ണൻ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ചുവടെ പറയുന്ന നിർദേശങ്ങളും ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
∙ നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ 11 മുതൽ 3 വരെയുളള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം.
∙ പൊലീസ്, അഗ്‌നി രക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
∙ ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ അടച്ചിടണം. ഇവ മേൽക്കൂരയായിട്ടുള്ള വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

∙ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ–നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം.
∙ ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യണം.
∙ കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
∙ ലയങ്ങൾ, ആദിവാസി ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം.ചുവടെ പറയുന്ന നിർദേശങ്ങളും ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

∙ നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ 11 മുതൽ 3 വരെയുളള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം.
∙ പൊലീസ്, അഗ്‌നി രക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
∙ ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ അടച്ചിടണം. ഇവ മേൽക്കൂരയായിട്ടുള്ള വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

∙ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ–നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം.
∙ ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യണം.
∙ കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
∙ ലയങ്ങൾ, ആദിവാസി ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com