വളവ് വീശുമ്പോൾ കെഎസ്ആർടിസി ബസുകളിൽനിന്ന് ഡീസലും വീശിത്തെറിക്കും; അപകടഭീഷണി
Mail This Article
റാന്നി ∙ ബസുകളിൽനിന്ന് ഡീസൽ റോഡിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ ശാശ്വത പരിഹാരമില്ലേ? യാത്രക്കാരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടവർ മാസങ്ങൾ പിന്നിട്ടിട്ടും മൗനത്തിലാണ്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺകാവ് അമ്പലംപടിക്കും പേൾ സ്ക്വയർപടിക്കും മധ്യേ വളവിലാണ് ഡീസൽ വില്ലനായി മാറിയിരിക്കുന്നത്. വേഗത്തിലെത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ വളവിൽ വീശിയെടുക്കുമ്പോൾ ടാങ്കിൽനിന്ന് ഡീസൽ റോഡിൽ വീഴുകയാണ്.
പിന്നാലെ ഇതിലെ ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ തെന്നിവീണ് അപകടത്തിൽപെടുന്നു. ഇന്നലെ രാവിലെ 9 മണിയോടെയും ഡീസൽ വളവിൽ വീണിരുന്നു. തുടർന്ന് പതിവുപോലെ അഗ്നി രക്ഷാസേന സോപ്പ് ലായനി ഒഴിച്ച് പാതയുടെ ഉപരിതലം കഴുകി വൃത്തിയാക്കി. പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിക്കും മുൻപ് വളവിൽ ഡീസൽ വീണിരുന്നില്ല. വീതികൂട്ടി റോഡ് വികസിപ്പിച്ചപ്പോൾ വാഹനങ്ങളുടെ വേഗംകൂടി.
ബ്ലോക്കുപടി ഭാഗത്തുനിന്ന് റാന്നിക്കെത്തുന്ന കെഎസ്ആർടിസി ബസുകൾ വരുന്ന വേഗത്തിൽതന്നെ വളവിൽ വീശിയെടുക്കുകയാണ്. ഇതോടെ ഡീസൽ ടാങ്കിന്റെ വശം ചെറുതായി ചരിയും. പിന്നാലെയാണ് ഡീസൽ വീഴുന്നത്. ഒട്ടേറെ പേർ ഇതിനകം അപകടത്തിൽപെട്ടു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഗതാഗത മന്ത്രിയെയും കെഎസ്ആർടിസി അധികൃതരെയും വിഷയം അറിയിച്ചിരുന്നു. ബന്ധപ്പെട്ടവരെത്തി പരിശോധന നടത്തിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.