വെള്ളം കിട്ടാതെ കൊടുമൺ
Mail This Article
കൊടുമൺ ∙ വേനലിൽ ജലക്ഷാമം രൂക്ഷമായിട്ടും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിലൂടെ കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. ജൽജീവൻ പദ്ധതിയുടെ ഗാർഹിക കണക്‌ഷൻ ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിലൂടെ യഥാസമയം വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്. പഞ്ചായത്തിൽ വർഷങ്ങളായി നേരിടുന്ന പ്രശ്നമാണിത്. പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ള എവിടെയെങ്കിലും ഏതെങ്കിലും തരത്തിൽ തകരാറുകൾ സംഭവിച്ചാൽ പിന്നീട് ദിവസങ്ങളോളം വെള്ളമില്ലാത്ത അവസ്ഥയാണ്. കണക്‌ഷൻ ലഭിച്ച സമയത്ത് കൃത്യമായി വെള്ളം എത്തിയിരുന്നു.
എന്നാൽ വേനൽ കടുത്തതോടെ വെള്ളത്തിനായി പൊതുജനം ബുദ്ധിമുട്ടുന്ന സമയത്ത് പോലും പൈപ്പിലൂടെ വെള്ളം ലഭിക്കുന്നില്ല. വേനലിന്റെ കാഠിന്യം കൂടിയതോടെ പൈപ്പ് വെള്ളത്തെയാണ് പൊതുജനം ആശ്രയിക്കുന്നത്. പഞ്ചായത്തിൽ ഒന്ന് രണ്ട് മഴ മാത്രമാണ് ലഭിച്ചത്. കൃത്യമായി ബില്ല് അടച്ചവർക്ക് പോലും വെള്ളം യഥാസമയം ലഭിക്കാത്ത അവസ്ഥയാണ്. എത്രയും വേഗം വെള്ളം ലഭ്യമാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ടാങ്കറിൽ വെള്ളം എത്തിച്ചു തുടങ്ങി
പഞ്ചായത്തിൽ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിച്ചു നൽകി തുടങ്ങി. പഞ്ചായത്തിലെ 9, 10, 11,12 വാർഡുകളിലാണ് ഇത്തരത്തിൽ വെള്ളം എത്തിച്ചു നൽകിയത്. ഈ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കനാൽ വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. കൊടുമൺ ചിറ പ്രദേശത്ത് കനാൽ ചോർന്ന് വെള്ളം പാഴാകുന്നത് മൂലം ആർക്കും പ്രയോജനം ഉണ്ടാകുന്നില്ല. 9–ാം വാർഡിലെ ശുദ്ധജലവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം അജികുമാർ രണ്ടാംകുറ്റി നിർവഹിച്ചു.