ADVERTISEMENT

കൊടുമൺ ∙ ആധുനിക രീതിയിൽ നിർമാണം നടക്കുന്ന ഏഴംകുളം–കൈപ്പട്ടൂർ റോഡിന്റെ പണിയിലെ അപാകതകൾ പരിഹരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വാഴവിള പാലം മുതൽ കോടിയാട്ട് ഭാഗം വരെയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. പഴയ പൊലീസ് സ്റ്റേഷൻ ജംക്‌ഷനിൽ പുതിയ പാലം, ജംക്‌ഷനിലെ കെഎസ്എഫ്ഇക്കു മുന്നിലെ കലുങ്ക് ഉൾപ്പെടെയുള്ളവയുടെ നിർമാണം നടന്നു വരികയാണ്. എന്നാൽ ഈ നിർമാണ സ്ഥലത്തുകൂടി കടന്നുപോകുന്ന കൂറ്റൻ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാത്തത് കാരണം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം ഉണ്ടാകുന്ന അവസ്ഥയാണ്. നിർമാണം പൂർത്തിയായ വാഴവിള പാലത്തിന്റെ അടിഭാഗത്തും നിർമാണം നടക്കുന്ന പഴയ പൊലീസ് സ്റ്റേഷൻ ജംക്‌ഷനിലെ പാലത്തിന്റെ അടിഭാഗത്തും ഇത്തരത്തിൽ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്.

കനത്ത മഴ പെയ്താൽ കൊടുമൺ ജംക്‌ഷനിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശമാണ്. ഈ ഭാഗത്തെ വെള്ളം ഒഴുക്കി വിടാനാണ് കെഎസ്എഫ്ഇക്കു മുന്നിൽ കലുങ്ക് നിർമാണം പുരോഗമിക്കുന്നത്. ഇപ്പോൾ നിർമാണം നടക്കുന്ന കലുങ്കിന്റെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന കൂറ്റൻ പൈപ്പ് മാറ്റി സ്ഥാപിച്ചിട്ടില്ല. ഈ പൈപ്പ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ഇവിടെ കലുങ്ക് പണിതത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നു വ്യാപാരികളും യാത്രക്കാരും പറയുന്നു. പല പ്രാവശ്യം അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു. അതുപോലെ തന്നെ സ്റ്റേഡിയത്തിന്റെ മുൻവശത്ത് റോഡിന് വീതി കുറവാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. എതിർ വശത്തെ ഓട റോഡിലേക്ക് ഇറക്കി വച്ച് നിർമിച്ചതായി ആരോപണം ഉയരുന്നു. 

രണ്ടാംകുറ്റി ജംക്‌ഷനിലെ വളവിന്റെ ഭാഗത്ത് കലുങ്ക് നിർമിക്കാത്തത് കാരണം റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളം മറു ഭാഗത്തേക്ക് റോഡിന്റെ കുറുകെ ഒഴുകുന്നത് കാരണം മണ്ണും ചെളിയും റോഡിലേക്ക് പതിച്ച് യാത്ര ദുരിതമായി മാറുന്നതായി ആരോപണമുണ്ട്. റോഡ് നിർമാണം നടക്കുമ്പോൾ തന്നെ അപാകതകൾ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com