വീട്ടുപകരണങ്ങളും ബൈക്കും കത്തിച്ച സംഭവം: വീട്ടുടമയുടെ വനിതാ സുഹൃത്ത് അറസ്റ്റിൽ
Mail This Article
സീതത്തോട് ∙ വീട്ടുപകരണങ്ങളും ബൈക്കും ഡീസൽ ഒഴിച്ചു കത്തിച്ച സംഭവത്തിൽ വീട്ടുടമയുടെ വനിതാ സുഹൃത്തും, ഇവരുടെ സുഹൃത്തായ യുവാവും അറസ്റ്റിൽ. റാന്നി മേപ്പുറത്ത് എം.പി.സതീഷ് കുമാർ, റാന്നി വരവൂരിൽ വാടകയ്ക്കു താമസിക്കുന്ന മണക്കയം കോട്ടൂപ്പാറ പതാലിൽ വീട്ടിൽ സുനിത എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 10നു പുലർച്ചെ ഒന്നരയ്ക്കാണ് ഇരുവരും പേഴുംമ്പാറ രാജ്ഭവനിൽ രാജ്കുമാറിന്റെ വീട്ടുപകരണങ്ങളും ബൈക്കും തീവച്ചു നശിപ്പിച്ചത്. സംഭവസമയം കുടുംബാംഗങ്ങൾ ബന്ധുവീട്ടിലായിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന രാജ്കുമാർ സുനിതയുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന സുനിതയുടെ ആവശ്യം രാജ്കുമാർ തള്ളിയതിലുള്ള വിരോധമാണ് സംഭവത്തിൽ കലാശിച്ചത്.
ഭർത്താവുമായി പിണങ്ങി വരവൂരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു സുനിത. ഇക്കാലയളവിൽ സുനിത പുതിശേരിമല സ്വദേശി സതീഷ് കുമാറുമായും സൗഹൃദത്തിലായി. കഴിഞ്ഞ 9ന് രാത്രി ഒന്നിന് സുനിതയും സതീഷും പേഴുംമ്പാറയിലെ വീട്ടിലെത്തി വാതിൽ കുത്തിത്തുറന്ന് കട്ടിലും മെത്തയും ടിവി അടക്കമുള്ള ഗൃഹോപകരണങ്ങളും കത്തിച്ചു. മുറ്റത്ത് സൂക്ഷിച്ചിരുന്ന രാജ്കുമാറിന്റെ ബൈക്കിനും തീയിട്ടു.
ഏതാനും മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തി നശിച്ചിരുന്നു. ഈ സംഭവത്തിനു പിന്നിലും ഇവരാണെന്നു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കാർ കത്തിച്ച സംഭവത്തിൽ പരാതി ഇല്ലാതിരുന്നതിനാൽ പൊലീസ് കേസ് എടുത്തിരുന്നില്ല. റാന്നി ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പെരുനാട് സി.ഐ വി.ബിജു, എസ്ഐമാരായ റെജി തോമസ്, ലച്ചുലാൽ, ഡബ്ല്യുസിപിഒ ആശ ഗോപാലകൃഷ്ണൻ, സുഷമ കൊച്ചുമ്മൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.