വലിയകുളത്തിനു ശാപമോക്ഷം; പഞ്ചായത്തിൽ നിന്നു പണം അനുവദിപ്പിച്ച് നാരങ്ങാനം പഞ്ചായത്ത് അംഗം റസിയ സണ്ണി
Mail This Article
വലിയകുളം ∙ നാരങ്ങാനം പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള പൊതുകിണറിൽ നിന്നും കുളത്തിൽ നിന്നും ഇനി നൈർമല്യമുള്ള തെളിമയാർന്ന വെള്ളം കൈക്കുമ്പിളിൽ കോരിയെടുക്കാം. കഴിഞ്ഞ ദിവസം വരെ കാടുപിടിച്ചും ചെളി മൂടിയും കിടന്ന കുളവും കിണറും പഞ്ചായത്തിന്റെ ശുചിത്വ ഫണ്ട് 18 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. 10 വർഷത്തിനുശേഷമാണ് നവീകരണം നടത്തുന്നത്. കോഴഞ്ചേരി–മണ്ണാരക്കുളഞ്ഞി റോഡ് പണ്ട് പ്രധാന സഞ്ചാര പാതയായിരുന്നു.
കല്ലേലി, കടമ്മനിട്ട, നാരങ്ങാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കർഷകർ കോഴഞ്ചേരി മാർക്കറ്റിലേക്ക് സാധനങ്ങളുമായി കാളവണ്ടിയിൽ പോയിരുന്ന പാത. അന്ന് അവരുടെ പ്രധാന ഇടത്താവളമായിരുന്നു വലിയകുളം. ഈ കുളമാണ് സ്ഥലപ്പേരിനു കാരണം. പക്ഷെ വലിയകുളം ഇന്ന് ചെറിയ കുളമായെന്നു മാത്രം. ഇവിടെ 2 ചുമടുതാങ്ങിയുണ്ടായിരുന്നു. കാളവണ്ടികളിലെ കാളകൾക്കു വെള്ളം കുടിക്കാനായി കിണറിൻകരയിൽ 30 തൊട്ടി വെള്ളം കൊള്ളുന്ന വലിയ കൽസംഭരണിയും ഉണ്ടായിരുന്നു. ഇതിപ്പോഴും കുഴപ്പമില്ലാതെ ഒരു സ്മാരകം പോലെ ഇവിടെയുണ്ട്. മോട്ടർ വാഹനങ്ങൾ കാളവണ്ടികൾക്കു വഴിമാറിയതോടെ കുളവും കിണറും വിസ്മരിക്കപ്പെട്ടു. കുളത്തിൻകരയിൽ പഞ്ചായത്തിന്റെ കാത്തിരിപ്പുകേന്ദ്രം വന്നു.
10 വർഷത്തോളം അനാഥമായി കിടന്ന കുളത്തിനു ജീവൻ നൽകിയത് പഞ്ചായത്തംഗം റസിയ സണ്ണിയാണ്. പഞ്ചായത്തിൽ നിന്ന് 18 ലക്ഷം രൂപ അനുവദിപ്പിച്ച് കുളം വൃത്തിയാക്കി. വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു. പൊതുകിണറും വൃത്തിയാക്കി കെട്ടിയുറപ്പിച്ചു. ഇപ്പോൾ 10 അടിയോളം വെള്ളമുണ്ട്. ഒരിക്കലും വെള്ളം വറ്റാത്ത കുളമാണിത്. അടുത്ത വർഷത്തെ പദ്ധതിയിൽ തറ ഉറപ്പിച്ച്, ചാരുബഞ്ചുകൾ സ്ഥാപിച്ച് സൗന്ദര്യവത്കരണം നടത്തുമെന്ന് റസിയ സണ്ണി പറഞ്ഞു. ഒപ്പം കാളകൾക്കു വെള്ളം കൊടുക്കാൻ ഉപയോഗിച്ചിരുന്ന കൽസംഭരണി ചരിത്രസ്മാരകം പോലെ സംരക്ഷിക്കും. ശുചീകരണത്തിന്റെ അപൂർവമായൊരു മാതൃകയാണ് നാരങ്ങാനത്തെ വലിയകുളം സംരക്ഷണം.